
ലഖിംപൂര്‍ ഖേരി സംഭവം: മുഖ്യപ്രതി കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയ്ക്ക് ജാമ്യം
ലക്നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്ര സഹമന്ത്രി (ആഭ്യന്തര) അജയ് മിശ്ര ടെനിയുടെ മകന് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തര്‍ പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ച ദിവസം തന്നെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ഷക സമരത്തിന്റെ കേന്ദ്രമായ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ ജിവസം തന്നെ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതാണ് ഏറെ ശ്രദ്ധേയം.
2021 ഒക്ടോബര്‍ 9-ന്, ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് അറസ്റ്റിലാവുന്നത്. ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ നാല് കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആശിഷ് മിശ്രയെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയുടേതുള്പ്പെടെയുള്ള വാഹനവ്യൂഹത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് നാല് കര്‍ഷകരാണ് മരിച്ചു.
വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. കേന്ദ്രമന്ത്രിയുടെ നാട്ടിലേക്ക് പരിപാടിക്കെത്തിയ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ പ്രകടനം നടത്തിയ കര്‍ഷകരുടെ സംഘത്തിന് നേരെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. ഖേരിയില്‍ നിന്നും രണ്ട് തവണ എംപിയായ നേതാവാണ് അജയ് മിശ്ര. വിഷയത്തില്‍ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മിശ്ര. 2011ല്‍ ഒരു ബലാത്സഗം കേസിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ സ്വാധീനം വലിയ രീതിയില്‍ വര്‍ദ്ധിച്ചിരുന്നു. അതിന്റെ അടുത്ത വര്‍ഷം നിഘാസനില്നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 2014ലും 2019ലും ലഖിംപൂര്‍ ഖേരിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
പാലിയ, നിഘസന്‍, ലഖിംപൂര്‍, ശ്രീനഗര്‍, ഗോല ഗോകര്‍ണ നാഥ് അസംബ്ലി സീറ്റുകള്‍ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലം. 2017ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലും ബി ജെ പി വിജയിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം സജീവമായി പ്രചരണത്തില്‍ ഇറങ്ങിയിരുന്നില്ല. കാരണം, ലഖിംപൂരില്‍ നിന്നുള്ള എം പിയാണെങ്കിലും, അദ്ദേഹത്തെ ഉപയോഗിച്ച് അവസരങ്ങള്‍ അപകടപ്പെടുത്താന്‍ ബിജെപി ആഗ്രഹിച്ചിരുന്നില്ല.
അതേസമയം, ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മകന് കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്കെതിരെ രാഷ്ട്രീയ രംഗത്ത് പോരാടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ അജയ് മിശ്രക്കെതിരെ മത്സരിക്കുമെന്ന് ആപകടത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനായ നച്ചാതര്‍ സിങ്ങിന്റെ മൂത്ത മകന് ജഗ്ദീപ് സിംഗ് പറഞ്ഞിരുന്നു. നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഓഫറുകള്‍ നിരസിച്ചതായും പകരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒരു പരിപാടിക്കായി അജയ് മിശ്രയുടെ നാട്ടിലേക്ക് പോയതിനെതിരെ പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനവ്യൂഹം പാഞ്ഞുകയറി മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.