ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം; ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍...
പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാകുന്നുവെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്ന അളവിലാണെന്നും ലാലുവിനെ പരിശോധിക്കുന്ന വിദഗ്ധ സംഘത്തിലെ ഡോ. പ്രസാദ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലാണ്. ജാര്‍ഖണ്ഡ തലസ്ഥാനമായ റാഞ്ചിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ലാലുവിനെ ചികില്‍സിക്കുന്നത്. 2017ല്‍ ശിക്ഷിപ്പെട്ട ശേഷം കുറച്ചുനാള്‍ ജയിലിലായിരുന്നു. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മരുന്നുകള്‍ നല്‍കിവരികയാണ്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന 71കാരനായ ലാലു ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നേരത്തെ വൃക്കകള്‍ 50 ശതമാനം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ 37 ശതമാനമാണ് പ്രവര്‍ത്തിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ ഉയര്‍ന്ന അളവില്‍ നല്‍കുകയാണ്. ഇങ്ങനെ ഏറെ നാള്‍ മരുന്ന് നല്‍കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ആര്‍ജെഡി നേതാക്കള്‍ പതിവായി ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നുണ്ട്. ആര്‍ജെഡി നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവ് ശനിയാഴ്ച വൈകീട്ട് ലാലുവിനെ ആശുപത്രിയിലെത്തി കണ്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വ്യാപിച്ചതോടെ ആശുപത്രിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.












Click it and Unblock the Notifications