ലാലുവിന്റെ മകള്‍ക്ക് മുലായത്തിന്റെ ചെറുമകന്‍ വരന്‍!
ദില്ലി: വിശാലഐക്യത്തിന് കോപ്പുകൂട്ടുന്ന മുലായം സിംഗ് യാദവിന്റെയും ലാലു പ്രസാദ് യാദവിന്റെയും പാര്‍ട്ടികള്‍ക്ക് ബലം പകരാനായി നേതാക്കളുടെ കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹ ബന്ധവും. ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രാജലക്ഷ്മിക്ക് വരനാകുന്നത് സമാജ് വാദി പാര്‍ട്ടി ചീഫ് മുലായം സിംഗ് യാദവിന്റെ ചെറുമകന്‍ തേജ് പ്രസാദാണ്.
ഡിസംബര്‍ പകുതിയോടെ വിവാഹ നിശ്ചയം നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ഫെബ്രുവരിയില്‍ ആര്‍ഭാടത്തോടെ വിവാഹം. വര്‍ഗീയ ശക്തികളെ എതിര്‍ക്കാനും മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനുമായി ജനതാദളിനെ ശക്തമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ലാലുവും മുലായവും. ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയായ ലാലുവിനും ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയുടെ ചീഫായ മുലായത്തിനും ഈ കൂട്ടുകെട്ട് ശക്തി പകരും.

ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 27കാരനായ തേജ് പ്രസാദ്. മുലായത്തിന്റെ സഹോദരനായ അന്തരിച്ച രണ്‍വീര്‍ സിംഗിന്റെയും മൃദുല യാദവിന്റെയും മകനാണ് തേജ് പ്രസാദ്. മുലായം സിംഗ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തേജ് മെയിന്‍പുരിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
ലാലു പ്രസാദ് യാദവിന്റെ ഇളയ മകളാണ് രാജലക്ഷ്മി. മിസ ഭാരതി, രോഹിണി ആചാര്യ, ചന്ദ, രാഗിണി, ഹേമ, ധനു എന്നിവരാണ് ലാലുവിന്റെ മറ്റ് പെണ്‍മക്കള്‍. 1990 കളില്‍ നേതൃത്വ പദവിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുലായവും ലാലു പ്രസാദ് യാദവും പിരിഞ്ഞ് വെവ്വേറെ പാര്‍ട്ടികളിലായത്. ഇരുനേതാക്കളും പിന്നീട് ഈ തീരുമാനം തെറ്റായിപ്പോയതായി സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications