കൊവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരി, ലാംഡ ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല
ദില്ലി: കൊവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയെന്ന് കണ്ടെത്തിയ ലാംഡ വകഭേദം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ലോകത്ത് ഇതുവരെ 30 രാജ്യങ്ങളില്‍ ആണ് ഈ പുതിയ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ മരണസാധ്യത ഉണ്ട് ലാംഡയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെറുവില്‍ ആണ് ലാംഡ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
പെറുവില്‍ കൊവിഡ് പരിശോധന നടത്തിയ 81 ശതമാനം പേരിലും ലാംഡ വകഭേദം കണ്ടെത്തിയിട്ടുണ്ട് എന്നാണ് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ലാംഡ വകഭേദത്തിന്റെ വ്യാപനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ലാംഡ പകരുന്നത് എന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേ ഉളളൂ.

Recommended Video
നിലവില്‍ ഉപയോഗിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് ലാംഡ വകഭേദത്തെ പ്രതിരോധിക്കാനാകുമോ എന്നത് സംബന്ധിച്ചും സംശയം നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുളളൂ എന്നാണ് ഗവേഷകരുടെ നിലപാട്. പെറുവിനെ കൂടാതെ ചിലിയില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 31 ശതമാനവും ലാംഡ വകഭേദമാണ്. ഇംഗ്ലണ്ടില്‍ ഇതുവരെ 6 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 8 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ലാംഡ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications