ഭൂമി തർക്കം; യുപിയിൽ വെടിവെയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ലഖ്നൗ: രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ആർ പേർ കൊല്ലപ്പെട്ടു. ദിയോറിയ ജില്ലയിലെ രുദ്രാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രേം യാദവിനെയാണ് ആദ്യം മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. പിന്നാലെ എതിർ സംഘത്തിലെ സത്യപ്രകാശ് ദുബെയെന്നയാളെ യാദവിന് ഒപ്പമുള്ളവർ മർദ്ദിച്ചു. ദുബെയുടെ രണ്ട് പെൺമക്കളും ഭാര്യയും മകനും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇരു കുംടുംബങ്ങളും തമ്മിൽ പരസ്പരം തർക്കം ഉടലെടുത്തതത്. തുടർന്ന് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭൂമിയെ ചൊല്ലി ഏറെ നാളുകളായി ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications