'ഹോട്ടല്‍ മുറിയില്ല, 15 കി.മീ ഗതാഗത തടസം'; ഹിമാചലിൽ കുടുങ്ങിയത് കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികൾ
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ ഹിമാചല്‍ പ്രദേശിലെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡില്‍ തടസ്സം സൃഷ്ടിക്കുന്ന കൂറ്റന്‍ പാറകള്‍ പൊട്ടിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ട് മണിക്കൂറിന് ശേഷം മാത്രമേ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയെയും കുളുവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ് തടസപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയത് 15 കി മീ നീളമുള്ള ഗതാഗതക്കുരുക്കാണ് ഇവിടെയുള്ളത്. 200 ഓളം വിനോദ സഞ്ചാരികളാണ് ഇവിടെ കുടങ്ങിയിരിക്കുന്നത്. പ്രദേശത്ത് ഹോട്ടല്‍ മുറികള്‍ ഒന്നും ലഭ്യമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പല വിനോദസഞ്ചാരികളും വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് കുടുങ്ങിയത്.

മാണ്ഡിക്കും സുന്ദര്‍നഗറിനും ഇടയില്‍ ഒന്നിലധികം മണ്ണിടിച്ചില്‍ ഉണ്ടായി. രാത്രി 10 മണിയോടെ പോലീസ് ഞങ്ങളെ തടഞ്ഞുനിര്‍ത്തി തിരികെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് വിനോദ സഞ്ചാരികള്‍ എന്‍ ഡി ടി വിയോട് പറഞ്ഞു. 15-കിലോമീറ്ററെങ്കിലും നീളമുള്ള ഗതാഗതക്കുരുക്കാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാവരും വലിയ ബുദ്ധിമുട്ടിലാണ്. കുടുംബങ്ങളൊപ്പമാണ് പലരും എത്തിയത്. അവരോടൊപ്പം കുട്ടികളുണ്ട്, പലരും നാട്ടിലേക്കുള്ള ബസ് ബുക്ക് ചെയ്തിട്ട് ഇവിടെ കുടുങ്ങിയിരിക്കുകയാണ്. ആര്‍ക്കും ഹോട്ടല്‍ മുറി പോലും കണ്ടെത്താന്‍ സാധിക്കുന്നില്ല'- വിനോദ സഞ്ചാരികള്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ച് മുതലാണ് ദേശിയ പാത അടച്ചത്. എന്നാല്‍ ഇതുവരെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ഹിമാചലില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഇന്നലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചലില്‍ ഒരു ഡസനിലേറെ വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. 10 വീടുകള്‍ ഒലിച്ചുപോയി. 10 ട്രെയിനുകള്‍ റദ്ദാക്കുകയും നാല് ട്രെയിനുകള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയും ചെയ്തു.












Click it and Unblock the Notifications