പാക് വാദം പൊളിയുന്നു; സര്‍ജിക്കല്‍ സ്‌ട്രൈക്ക് നാശം വിതച്ചത് ലഷ്‌കറിന്, തെളിവുകള്‍ പുറത്ത്
ദില്ലി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നാശം വിതച്ചത് പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയ്ക്കാണെന്ന് തെളിവുകള്‍. സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് ലഭിച്ച റേഡിയോ സന്ദേശങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ലഷ്‌കറിന്റെ 20 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് സൈനിക പോസ്റ്റുകളുടെ സുരക്ഷാവലയത്തില്‍ കഴിയുന്ന നാല് ഭീകര കേന്ദ്രങ്ങളാണ് സൈന്യം ആക്രമിച്ചത്. മേഖലയിലെ ഇന്ത്യന്‍ ആര്‍മി ഫീല്‍ഡ് യൂണിറ്റുകള്‍ക്ക് ലഭിച്ച റേഡിയോ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. പാക് അധീന കശ്മീരിലെ ദുദ്‌നിയാല്‍ മേഖലയിലെ ഭീകരക്യാമ്പിനു നേരെ ശക്തമായ ആക്രമാണ് ഉണ്ടായതെന്ന് റേഡിയോ സംഭാഷണങ്ങളില്‍ നിന്നാണ് വ്യക്തമാകുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന പാക് ഭീകരര്‍ക്ക് തിരിച്ചടിക്കാന്‍ കഴിഞ്ഞില്ലെന്നും ഇന്ത്യന്‍ സൈന്യം ഭീകരരെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും സൈന്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തിരിച്ചടിക്കാന്‍ കഴിയാതായ പാക് ഭീകരര്‍ പാക് സൈനിക പോസ്റ്റുകളിലേക്കാണ് ഓടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ട്രക്കുകളില്‍ കയറ്റി ഭീകരക്യാമ്പുകളിലെത്തിച്ച വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് താമസിക്കുന്നവരാണ് ഇന്ത്യയ്ക്ക് ഈ വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിക്കുമ്പോഴും പാക് വാദത്തെ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍. ഈ ഭീകരക്യാമ്പ് ആക്രമിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അഞ്ച് സംഘങ്ങളാണ് എത്തിയതെന്ന് സൈനിക വൃത്തങ്ങളാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications