Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ബലമില്ല, പണികിട്ടുമെന്നുറപ്പ്; ലാറ്ററല്‍ എന്‍ട്രിയിലെ കേന്ദ്രത്തിന്റെ യൂടേണ്‍ തിരിച്ചടി ഭയന്ന്

ന്യൂഡല്‍ഹി: ലാറ്ററല്‍ എന്‍ട്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ യൂടേണ്‍ എടുത്തത് വന്‍തിരിച്ചടി ഭയന്ന്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് പുറമെ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടതോടെയാണ് 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍, ട്രെയിനിംഗ് വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് യുപിഎസ്സിക്ക് കത്തെഴുതിയത്.

ഇതിന് പിന്നാലെ സാമൂഹ്യനീതിയോടും ഭരണഘടനയോടുമുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നീക്കമെന്ന് വിശേഷിപ്പിച്ച് കൊണ്ട് കേന്ദ്ര റെയില്‍വേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയതും സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു എന്നാണ് വിലയിരുത്തല്‍. ലാറ്ററല്‍ എന്‍ട്രിയില്‍ തുടക്കം മുതലെ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

lateral entry

എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ റാം മേഘ്വാളിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കേന്ദ്രം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തിയിരുന്നു എന്നായിരുന്നു അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബിഹാറിലെ സഖ്യകക്ഷികളായ ജെഡിയുവും എല്‍ജെപി (രാംവിലാസ്)യും നീക്കത്തെ എതിര്‍ത്തതോടെ കേന്ദ്രം പ്രതിരോധത്തിലായി.

നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും നിലവില്‍ പാര്‍ലമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ല എന്നതും കേന്ദ്രം വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടാന്‍ കാരണമായി. ഈ വിഷയത്തെ ചുറ്റിപ്പറ്റിയാണ് പ്രതിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയകരമായ പ്രചാരണം നടത്തിയത്. ഇക്കാര്യം ബിജെപിയും അംഗീകരിച്ചതാണ്. തിരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നിരന്തരം സര്‍ക്കാരിനെ ആക്രമിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രചാരണം തിരിച്ചറിയാനും പരിശോധിക്കാനും വൈകിയെന്ന് ബിജെപി നേതാക്കള്‍ തുറന്നു സമ്മതിച്ചതാണ്. യുപിയില്‍ ബിജെപി 33 സീറ്റുകളായി ചുരുങ്ങിയതിന് ഈ പ്രചാരണം വലിയ തോതില്‍ കാരണമാണെന്ന് സഖ്യകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

''ഉന്നതജാതിക്കാരുടെ'' ഒരു ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന പ്രതിച്ഛായ കളയാന്‍ ശ്രമിക്കുന്ന ബിജെപിക്ക് തങ്ങളുടെ എസ്സി/എസ്ടി, ഒബിസി വോട്ട് ബാങ്കില്‍ കൂടുതല്‍ വിള്ളലുണ്ടാകുന്നതായിരിക്കും ഈ നീക്കമെന്നും ബിജെപി ഭയപ്പെടുന്നു. സംവരണത്തിനായി എസ്സി/എസ്ടികളെ ഉപവിഭാഗമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിയോട് ജാഗ്രതയോടെയാണ് ബിജെപി പ്രതികരിച്ചിരുന്നത്.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം ഇതിനെ പിന്തുണച്ചിരുന്നുവെങ്കിലും വിധി വന്നതിന് ശേഷം പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ക്രീമി ലെയര്‍ ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിലും അനിശ്ചിതത്വമുണ്ട്. ഈ സംശയങ്ങള്‍ തീര്‍ക്കാന്‍ ബിജെപിയുടെ എസ്സി/എസ്ടി എംപിമാരെ മോദി കാണുകയും സര്‍ക്കാര്‍ അത്തരമൊരു നടപടിയിലേക്ക് കടക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+