'ലാത്തി ചാർജ് ന്യായീകരിക്കാനാകില്ല, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നത്'
ഡൽഹി: സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സമരം നടത്തിയതുകൊണ്ട് മാത്രം ലാത്തി ചർജ് നടത്തിയ നടപടിയെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിൻ്റെ പരാമർശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പോലീസ് അമിത ബലപ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം സ്വതന്ത്രമായി അന്വേഷിക്കണമെന്നും ഇത്തരത്തിലെ പ്രതിഷേധങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് ഒരു ഏകീകൃത പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ബെഞ്ച് നിർദേശിച്ചു.

'നിയപരമായും സമാധാനപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. പ്രതിഷേധം സമാധാനപരമായി തന്നെ തുടരുന്നുണ്ടെങ്കിൽ, പ്രതിഷേധം നടത്തി എന്നതുകൊണ്ട് മാത്രം അമിതബലപ്രയോഗം പോലീസ് നടത്തുന്നതിനെ ന്യായീകരിക്കാനാകില്ല. അത്തരത്തിലുള്ള നടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഡൽഹിയിൽ മാത്രമല്ല, ഒരു ഏകീകൃത പ്രോട്ടോക്കോൾ ഇക്കാര്യത്തിൽ ആവശ്യമാണ്. പ്രതിഷേധിച്ചത് കൊണ്ടുമാത്രം ലാത്തി ചാർജ് നടത്തിയെന്ന് പറയാനാകില്ല. ജനാധിപത്യ പ്രക്രിയയിൽ അച്ചടക്കം എന്നത് അവിഭാജ്യ ഘടകമാണ്', ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതി നടപടികളിൽ പങ്കെടുക്കാനുള്ള അനുമതി ചീഫ് ജസ്റ്റിസ് നൽകി. പരിക്കേറ്റത് പോലീസുകാർക്കാണെങ്കിലും വിദ്യാർത്ഥികൾക്കാണെങ്കിലും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്തുകൊണ്ട് ഇത്തരം പ്രതിഷേധങ്ങളെ നേരിടാൻ പോലീസിന് ആവശ്യമായ സന്നാഹങ്ങൾ ഉറപ്പാക്കിയില്ലെന്ന് സർക്കാരുകളോട് കോടതി ചോദിക്കും. അവർക്ക് ഹെൽമ്മറ്റുകൾ ഉറപ്പാക്കണമായിരുന്നു', ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഹർജികളെല്ലാം നാളെ വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
നേരത്തേ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് അഭിഭാഷകൻ നരേന്ദ്ര മിശ്ര നൽകിയ കത്ത് സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല. കോടതിക്ക് മുൻപിൽ കൃത്യമായ ഹർജി ലഭിക്കാത്തതിനാലാണ് പരിശോധിക്കാതിരുന്നതെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
അതിനിടെ വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പാർലമെൻ്റിൽ പ്രതിഷേധിച്ചു. ബഹളത്തില്‍ സഭ മുങ്ങിയതോടെ ചര്‍ച്ച പാളി ഇതോടെ സഭ ഉച്ചവരെ പിരിഞ്ഞു.


Click it and Unblock the Notifications