സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളില്‍ ഇടതു പാർട്ടികളുടെ രാജ്യവ്യാപക സമരം, ജനുവരി 1 മുതൽ
ദില്ലി: ജനുവരി 1 മുതല്‍ 7 വരെ തുടര്‍ച്ചയായ 7 ദിവസത്തെ പ്രക്ഷോഭവുമായി ഇടതു പാര്‍ട്ടികള്‍ രംഗത്ത്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. ജനുവരി 8 ബുധനാഴ്ച പൊതു പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം, സിപിഐ, സിപിഐഎംഎല്‍, ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചത്.
എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!
ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് ജനുവരി എട്ടാം തിയതിയിലെ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഎഎ, എന്‍ആര്‍സി , എന്‍പിആര്‍ വഴി ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ അവരുടെ എല്ലാ യൂണിറ്റുകളോടും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും ആഹ്വാനം ചെയ്യുന്നതായി പ്രസ്താവനയില്‍ പറയുന്നു. പ്രതിഷേധം സമാധാനപരമായി തുടരുമെന്നും ഇടതുപാര്‍ട്ടികള്‍ പറഞ്ഞു.
ജനുവരി എട്ടിന് ഗ്രാമീണ്‍ ബന്ദ് പ്രഖ്യാപിച്ച കര്‍ഷകര്‍ക്കും കാര്‍ഷിക തൊഴിലാളി സംഘടനകള്‍ക്കും സിവില്‍ സൊസൈറ്റി പ്രസ്ഥാനത്തിനും പിന്തുണ നല്‍കാനും ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തിനെതിരെ പോലീസ് അഴിച്ചുവിട്ട അതിക്രമങ്ങളെ കക്ഷികള്‍ ശക്തമായി അപലപിച്ചു. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ദില്ലി എന്നിവിടങ്ങളില്‍ പൊലീസ് നരനായാട്ടാണ് നടത്തിയതെന്നും ഇടതു പാര്‍ട്ടികള്‍ ആരോപിച്ചു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. പൊലീസ് അനുമതിയില്ലാതെയാണ് ഇവര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ ദില്ലി പോലീസ് ക്രൂരമായി നേരിട്ടതിന് പിന്നാലെയാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമൊട്ടാകെ ആളിപ്പടര്‍ന്നത്. വിദ്യാര്‍ഥികളെ പൊലീസ് മൃഗീയമായി മര്‍ദ്ദിക്കുകയും ടിയര്‍ ഗ്യാസ് അടക്കമുള്ളവ കോളേജിനകത്ത് പ്രയോഗിക്കുകയും ചെയ്തിരുന്നു.