ഹൃദയാഘാതം: ഇതിഹാസ ഗായിക ആശാ ഭോസ്‌ലേ ആശുപത്രിയിൽ
ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 വയസ്സുള്ള ഗായികയ്ക്ക് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ പ്രമുഖ ഡോക്ടറായ പ്രതീത് സംദാനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ആശാ ഭോസ്‌ലേയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലുള്ള അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടിട്ടില്ല. കുടുംബാംഗങ്ങളും ഇതുവരെ പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും, ആരോഗ്യനില തൃപ്തികരമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗായികയുടെ പ്രായം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് ഡോക്ടർമാർ ചികിത്സ നൽകുന്നത്.

പ്രായം തൊണ്ണൂറുകളിൽ എത്തിയിട്ടും സംഗീത ലോകത്ത് സജീവമായി തുടരുന്ന വ്യക്തിത്വമാണ് ആശാ ഭോസ്‌ലേ. 2026-ൽ പോലും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സംഗീത പ്രൊജക്റ്റുകളുടെ ഭാഗമാകാൻ അവർക്ക് സാധിച്ചു. ബ്രിട്ടീഷ് വെർച്വൽ ബാൻഡായ 'ഗൊറില്ലാസി'ന്റെ (Gorillaz) ആൽബത്തിലെ 'ദ ഷാഡോയി ലൈറ്റ്' (The Shadowy Light) എന്ന ഗാനത്തിൽ അവർ പങ്കാളിയായിരുന്നു. എട്ട് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന കരിയർ ഇന്ത്യൻ സിനിമയുടെയും സംഗീതത്തിന്റെയും ചരിത്രത്തിനൊപ്പമാണ് സഞ്ചരിച്ചത്.
1933-ൽ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ച ആശ, തന്റെ ഒൻപതാം വയസ്സിൽ അച്ഛൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കർ അന്തരിച്ചതോടെ കുടുംബത്തെ സഹായിക്കാനാണ് സംഗീതത്തിലേക്ക് എത്തിയത്. അപ്പോഴേക്കും മൂത്ത സഹോദരിയും ഇതിഹാസ ഗായികയുമായ ലതാ മങ്കേഷ്‌കർ സംഗീത ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. 1943-ൽ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ, വിവിധ ഇന്ത്യൻ ഭാഷകളിലായി 12,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചു. രണ്ട് ദേശീയ പുരസ്കാരങ്ങൾ, ഏഴ് ഫിലിം ഫെയർ അവാർഡുകൾ എന്നിവയ്ക്ക് പുറമെ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡും (2000) പത്മവിഭൂഷണും (2008) നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. ആശാ ഭോസ്ലെ പൂർണ്ണ ആരോഗ്യവതിയായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീത പ്രേമികൾ.












Click it and Unblock the Notifications