വിവാദങ്ങൾക്കൊടുവിൽ തിലകത്തിനും പൊട്ടിനും അനുമതി; മാപ്പ് പറഞ്ഞ് ലെൻസ്കാർട്ട്
ലെൻസ്കാർട്ട് സ്റ്റോറുകളിൽ ജോലിക്കാർ തിലകവും ബിന്ദിയും ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്റ്റൈൽ ഗൈഡ് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായ പശ്ചാത്തലത്തിൽ, കമ്പനി പരസ്യമായി മാപ്പപേക്ഷിക്കുകയും പുതിയ വസ്ത്രധാരണ നയം പുറത്തിറക്കുകയും ചെയ്തു. ബിന്ദിയും തിലകവും പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന സർക്കുലർ വിവേചനപരമാണെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രത്യേകിച്ചും ഇതേ മാർഗ്ഗനിർദ്ദേശങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് കമ്പനി അനുമതി നൽകിയിരുന്നു എന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. 'ബോയ്ക്കോട്ട് ലെൻസ്കാർട്ട്' കാമ്പയിൻ ശക്തമായതോടെ കമ്പനി സ്ഥാപകൻ പിയൂഷ് ബൻസാൽ നേരിട്ട് ഇടപെടുകയും തെറ്റായ സ്റ്റൈൽ ഗൈഡിന് മാപ്പ് പറയുകയുമായിരുന്നു.
പുതുതായി പുറത്തിറക്കിയ സ്റ്റൈൽ ഗൈഡിൽ എല്ലാ മതചിഹ്നങ്ങൾക്കും തുല്യ പരിഗണനയാണ് കമ്പനി നൽകിയിരിക്കുന്നത്. ബിന്ദി, തിലകം, സിന്ദൂരം, കലാവ, മംഗളസൂത്രം, കട എന്നിവ ധരിക്കാൻ ജീവനക്കാർക്ക് ഇനി തടസ്സമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. ഹിജാബ്, തലപ്പാവ് എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം അടയാളങ്ങൾ ഇളവുകളായല്ല, മറിച്ച് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമായാണ് ലെൻസ്കാർട്ട് കാണുന്നതെന്ന് കമ്പനി അറിയിച്ചു. 2,400-ലധികം സ്റ്റോറുകളുള്ള തങ്ങളുടെ ശൃംഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വിശ്വാസങ്ങളും സ്വത്വവും ഉപേക്ഷിക്കേണ്ടി വരില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കമ്പനി നൽകുന്ന ടി-ഷർട്ടും പ്ലെയിൻ ഡാർക്ക് ബ്ലൂ ജീൻസും ക്ലോസ്ഡ് ഷൂസുമായിരിക്കും ഔദ്യോഗിക വസ്ത്രം. വ്യക്തിശുചിത്വത്തിനും നീറ്റ് ഗ്രൂമിംഗിനും പ്രാധാന്യം നൽകുന്നതിനൊപ്പം തന്നെ വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും കമ്പനി ജീവനക്കാർക്ക് ഉറപ്പുനൽകുന്നു. ഏതെങ്കിലും സാഹചര്യത്തിൽ വസ്ത്രധാരണത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ വിവേചനം നേരിട്ടാൽ ജീവനക്കാർക്ക് നേരിട്ട് എച്ച്ആർ വിഭാഗത്തെ സമീപിക്കാം. ഗർഭാവസ്ഥയിലുള്ളവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും യൂണിഫോമിൽ ഇളവുകൾ അനുവദിക്കാനും പുതിയ നയത്തിൽ വ്യവസ്ഥയുണ്ട്. സുതാര്യമായ ഈ നയത്തിലൂടെ ജീവനക്കാരുടെ അന്തസ്സും വിശ്വാസവും സംരക്ഷിക്കുമെന്നാണ് കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications