എംജിപി ബിജെപിയിൽ ലയിക്കട്ടെ'; പിന്തുണ വേണ്ടെന്ന് ബിജെപി നേതാവ്..ഗോവയിൽ പ്രതിസന്ധി തുടരുന്നു
ദില്ലി; ഗോവയിൽ ബി ജെ പി അധികാരത്തിൽ ഏറിയിട്ടും സർക്കാർ രൂപീകരണം എങ്ങുമെത്തിയിട്ടില്ല. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങളാണ് പ്രതിസന്ധിയ്ക്ക് കാരണം. മുൻ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരിനായും ചരടുവലികൾ ഉണ്ട്. അതിനിടെ ഗോവയിൽ പിന്തുണ പ്രഖ്യാപിച്ച പ്രാദേശിക പാർട്ടിയായ എം ജെ പിക്കെതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി ബി ജെ പിയിൽ ലയിക്കട്ടെയാന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

സാംങ്ക്വലിം മണ്ഡലത്തിൽ പ്രമോദ് സാവന്തിന്റെ വിജയത്തിന് നിറം മങ്ങിയതോടെയാണ് ഗോവയിലെ പ്രതിസന്ധി തുടങ്ങിയത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മേഷ് സഗ്ലാനിയയ്ക്കെതിരെ വെറും 650 വോട്ടിന്റെ മാത്രം ഭൂരിപക്ഷം നേടിയായിരുന്നു സാവന്ത് വിജയിച്ചത്. ഇതിനിടയിലാണ് മുൻ ആരോഗ്യ മന്ത്രി കൂടിയായ വിശ്വജിത്ത് റാണെ തന്റെ മുഖ്യമന്ത്രി മോഹം നേതൃത്വത്തെ അറിയിച്ചത്. ഇതോടെ നേതൃത്വവും രണ്ട് തട്ടിലായി.

അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പ്രമോദ് സാവന്ത് ദില്ലിയിലെത്തി. 'ഉടൻ തന്നെ ബി ജെ പി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. എം എൽ എമാരെല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞു.
പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ ഡൽഹിയിൽ നിന്ന് കേന്ദ്ര നിരീക്ഷകർ ഉടൻ എത്തും',നേതാക്കൾ പറഞ്ഞു. അതേസമയം ദില്ലിയിൽ
കേന്ദ്രനേതാക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ് റാണെ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത്തരത്തിലൊരു നീക്കവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റാണെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.

'മുഖ്യമന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല, പാർട്ടി നേതൃത്വം എന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരുമാനിക്കും. ആരുമായും യാതൊരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവും തനിക്കില്ല', റാണെ പറഞ്ഞു. എന്നാൽ, എല്ലാ നേതാക്കൾക്കും ആഗ്രഹങ്ങളുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ആയിരുന്നു റാണെയുടെ ഭാര്യയും എം എൽ എയുമായ ദേവിയ റാണെയുടെ പ്രതികരണം. ബി ജെ പിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

എംജിപി സഖ്യത്തിന് താത്പര്യമില്ല
ഗോവയിൽ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ എം ജി പിയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിൽ ബി ജെ പി. നേരത്തേ തങ്ങളുടെ സഖ്യം ഉപേക്ഷിച്ച എം ജി പി വേണമെങ്കിൽ ബി ജെ പിയിൽ ലയിക്കട്ടെയെന്നാണ് പാർട്ടി നേതാവ് പ്രതികരിച്ചത്. വിവാദ നേതാവ് ബാബുഷ് മോൺസെറെറ്റെയാണ് എം ജി പിക്കെതിരെ രംഗത്തെത്തിയത്. ഞങ്ങൾ പാഠം പഠിച്ചു.അവർ ആദ്യം ഞങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും പിന്നീട് ഞങ്ങളോടൊപ്പം ചേരാൻ തയ്യാറാണെന്ന് പറയുകയുമാണ്. ഭൂരിപക്ഷത്തിനുള്ള നമ്പർ ഞങ്ങൾക്കുണ്ടെന്നിരിക്കെ എന്തിനാണ് അവരുടെ പിന്തുണ?പാർട്ടിയെ ശക്തമാക്കാൻ എംജിപി ബിജെപിയിൽ ലയിച്ചാൽ മതി, ബാബുഷ് പറഞ്ഞു.
Recommended Video

അതേസമയം ബാബുലിന് മറുപടിയുമായി എം ജി പി നേതാവ് സുധിൻ ധാവ്ലികർ രംഗത്തെത്തി. ബി ജെ പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് തങ്ങൾ പിന്തുണ പ്രഖ്യാപിച്ചതെന്ന് ധാവ്ലിക്കർ പറഞ്ഞു. ബാബുഷ് എന്റെ സുഹൃത്താണ്, അതിനാൽ അദ്ദേഹത്തിന്റെ പരാമർശത്തിന് കൂടുതൽ മറുപടി നൽകുന്നില്ല. ബിജെപി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് തങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിയെ ശക്തിപ്പെടത്തുകയാണ് ആവശ്യം, ധവ്ലിക്കർ പറഞ്ഞു. 40 സീറ്റുകളുള്ള ഗോവയിൽ നിലവിൽ 19 സീറ്റുകളിലാണ് ബി ജെ പി ജയം. ഇതിനൊപ്പം മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചതോടെയാണ് ബി ജെ പി 21 എന്ന മാന്ത്രിക സംഖ്യ തൊട്ടത്. എം ജി പിക്ക് സംസ്ഥാനത്ത് മൂന്ന് സീറ്റുകളാണ് ലഭിച്ചത്.












Click it and Unblock the Notifications