'കേരള സർക്കാർ രാജി വെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്താം', രാഹുൽ ഗാന്ധിക്ക് വെല്ലുവിളി
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുളള ഇന്ത്യ സഖ്യത്തിന്റെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്ത് കോണ്‍ഗ്രസിന് അധികാരമുളള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ രാജി വെച്ചാല്‍ താന്‍ അസമില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുളള തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ലുവിളി.
കേരളത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനെ രാജി വെപ്പിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാണെങ്കില്‍ ഞാനും തയ്യാറാണ്. അസമില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് കൊണ്ടുളള തിരഞ്ഞെടുപ്പില്‍ ഞാനും മത്സരിക്കാം, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
തെലങ്കാനയിലേയും കര്‍ണാടകത്തിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജി വെക്കാനും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായിരിക്കുന്ന ടിവികെ സര്‍ക്കാരിനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെടാനും ഹിമന്ത ബിശ്വ ശര്‍മ്മ വെല്ലുവിളിച്ചു. മാത്രമല്ല ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ ഇനി വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നില്‍ക്കണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓരോ 5 വര്‍ഷം കൂടുമ്പോഴും രാജ്യത്ത് എസ്ഐആര്‍ നടത്തേണ്ടത് ആവശ്യമാണെന്നും എങ്കില്‍ മാത്രമേ ജനാധിപത്യം വിജയകരമായി നിലനില്ക്കുകയുളളൂ എന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രീം കോടതിയേയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കരുതെന്നും രാഹുല്‍ ഗാന്ധിയോടായി അസം മുഖ്യമന്ത്രി പറഞ്ഞു.
''രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ഭീഷണിപ്പെടുത്തുന്നു. ഗ്യാനേഷ് കുമാറിന്റെ കാലത്ത് തിരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറിയ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളും രാജി വെക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്'', ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു.
''രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായത് ഇതേ തിരഞ്ഞെടുപ്പ് കമ്മീഷന് സംഘടിപ്പിച്ച തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ്. ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്ന എംപിമാരും ഇതേ തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ തിരഞ്ഞെടുപ്പ് വിജയിച്ച് എംപിമാരായതാണ്. നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഇവിഎമ്മില്‍ പ്രശ്നമില്ല. ഞങ്ങള്‍ വിജയിക്കുമ്പോള്‍ ഇവിഎം മോശമാണ്'', അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications
