ലുലു മാളില്‍ കണ്ടെത്തിയ അജ്ഞാത കത്ത്; പുലിവാല് പിടിച്ച് പോലീസ്, മണിക്കൂറുകള്‍ അരിച്ചുപെറുക്കി
ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ ലുലു മാളില്‍ കണ്ടെത്തിയ അജ്ഞാത കത്ത് അധികൃതരെ വെട്ടിലാക്കി. നഗരത്തിലെ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ സ്‌ഫോടനം നടക്കും എന്നായിരുന്നു കത്തില്‍. ലുലു മാളിലെ വാഷ് റൂമിലാണ് കത്ത് കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ അതിവേഗം പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കുന്ന വേളയിലാണ് ഭീഷണി കത്ത് ലഭിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ സുപ്രധാന പരിപാടി നടക്കുന്നുണ്ട്. കൂടാതെ ചെങ്കോട്ട സ്‌ഫോടനത്തിന്റെ സാഹചര്യവും നിലനില്‍ക്കുന്നു. ഈ വേളയിലാണ് ലഖ്‌നൗവിലെ ലുലു മാളില്‍ ഭീഷണി കത്ത് ലഭിച്ചത്. ആരാണ് കത്ത് ഇവിടെ ഇട്ടത് എന്ന് പോലീസ് പരിശോധിച്ചു.

തിങ്കളാഴ്ചയാണ് ഭീഷണി കത്ത് ലഭിച്ചത്. നാല് വരി മാത്രമാണ് കത്തില്‍ എഴുതിയിട്ടുള്ളത്. സുപ്രധാന സ്‌കൂളുകള്‍ ഉള്‍പ്പെടെ ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ലുലു മാളില്‍ ആരാണ് കത്ത് കൊണ്ടിട്ടത് എന്ന് പോലീസ് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. കത്തില്‍ ആരുടെയും പേരില്ല. എങ്കിലും സംശയനിവാരണത്തിന് പോലീസ് ലഖ്‌നൗവിലെ എല്ലാ സ്ഥലങ്ങളും പരിശോധിച്ചു.
അടുത്ത 24 മണിക്കൂറില്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ തകര്‍ക്കുമെന്നാണ് കത്തിലുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പോലീസും ഡോഗ് സ്‌ക്വാഡുമെല്ലാം ചേര്‍ന്നാണ് പരിശോധന നടത്തിയത്. കത്ത് കിട്ടിയ സ്ഥലത്തേക്ക് 24 മണിക്കൂറിനിടെ പോയവരെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. സമീപത്തുള്ള ചിലരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ഹസ്രത്ഗഞ്ച്, വിധാന്‍ സഭ മേഖലയിലും ആളുകള്‍ കൂടിച്ചേരുന്ന പ്രദേശങ്ങളിലുമെല്ലാം പോലീസ് പരിശോധിച്ചു. തിരക്കുള്ള സ്ഥലങ്ങളിലെല്ലാം ഇപ്പോള്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതുവരെ സംശയകരമായി ഒന്നും കണ്ടെത്തിട്ടില്ല. കബളിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്ന സംശയവും ബാക്കിയാണ്. നിലവിലെ ജാഗ്രതയ്ക്കിടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതുവരെ ഒന്നും കണ്ടെത്തിയില്ലൈങ്കിലും ജാഗ്രത തുടരാനാണ് പോലീസ് തീരുമാനം. സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പോലീസ് എല്ലാ സ്‌കൂളുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ പോലീസ് സുരക്ഷയിലാണ് നഗരം. ഇന്ത്യയിലെ പ്രധാന മാളുകളില്‍ ഒന്നാണ് ലഖ്‌നൗവിലെ ലുലു മാള്‍. പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലുള്ള ഇവിടെ ആരാണ് കത്ത് എഴുതിയിട്ടത് എന്നതും പോലീസിനെ കുഴക്കുന്നുണ്ട്.












Click it and Unblock the Notifications