ദില്ലി തോറ്റപോലെ മോദിയും ബിജെപിയും ബിഹാറിലും തോല്‍ക്കും!
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ തോല്‍വി ബി ജെ പി ബിഹാറിലും ആവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ബി ജെ പിയെ ദില്ലിയില്‍ തോല്‍പിച്ച തങ്ങള്‍ തന്നെയാകുമോ ബിഹാറിലും ചരിത്രം ആവര്‍ത്തിക്കുക എന്ന കാര്യം പക്ഷേ കെജ്രിവാള്‍ പറഞ്ഞില്ല. കേന്ദ്രസര്‍ക്കാരുമായി ദില്ലി സര്‍ക്കാര്‍ തുടരുന്ന ശീതസമരത്തിന്റെ ബാക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ ഈ വാക്കുകള്‍.

ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലേക്കും നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ജയിച്ചു. എന്നാല്‍ അവര്‍ക്ക് ദില്ലിയില്‍ ജയിക്കാന്‍ കഴിഞ്ഞില്ല. ദില്ലിയിലും ബി ജെ പി അനായാസം ജയിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ബിഹാറിലും ഇത് തന്നെയാണ് നടക്കാന്‍ പോകുന്നത് - വെളളിയാഴ്ച കെജ്രിവാള്‍ പറഞ്ഞു.

ചില പാര്‍ട്ടികള്‍ വോട്ട് കിട്ടാന്‍ വേണ്ടി വര്‍ഗീയത കളിക്കുന്നതായി കെജ്രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. ദില്ലിയില്‍ തങ്ങള്‍ 67 സീറ്റ് വാങ്ങി അധികാരത്തിലെത്തിയത് മുതല്‍ ബി ജെ പിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. 24 മണിക്കൂറും പൊതുജനത്തെ സേവിക്കാനുള്ളവരാണ് തങ്ങള്‍. പതുക്കെ പതുക്കെ ഞങ്ങള്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണ്.

ദില്ലി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ മുഖ്യമന്ത്രി കെജ്രിവാള്‍ പ്രശംസിച്ചു. വിദ്യാഭ്യാസത്തിനുള്ള വിഹിതം ആപ്പ് സര്‍ക്കാര്‍ ഇരട്ടിയാക്കി ഉയര്‍ത്തി. നമ്മളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുത്താല്‍ നമുക്ക് അമേരിക്കയെ വരെ തോല്‍പിക്കാന്‍ കഴിയും. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ വേണ്ടുംവിധം പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിക്കില്ല എന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.













Click it and Unblock the Notifications