'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലിംഗായത്ത് സമുദായത്തെ പ്രത്യേക മതന്യൂനപക്ഷമായി അംഗീകരിച്ച കോൺഗ്രസ് സർക്കാരിന്‍റെ നീക്കം ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് രാഷ്ട്രീയ, സാമൂഹിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ബിജെപിയുടെ തീവ്ര വർഗീയതയെ നേരിടാനെന്ന മട്ടിൽ കോൺഗ്രസ് നടത്തിയ കളി ജാതി രാഷ്ട്രീയത്തെ ആളിക്കത്തിക്കും. ജാതി രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള കർണ്ണാടകയിൽ കോൺഗ്രസിന്റെ പുതിയ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ ഉപതിരഞ്ഞെടുപ്പികളിലേറ്റ കനത്ത തിരിച്ചടിയ്ക്ക് കർണ്ണാടകയിലൂടെ മറുപടി നൽകാമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ സിദ്ധരാമയ്യയുടെ നീക്കത്തോടെ തകർന്നടിഞ്ഞിട്ടുണ്ട്.

തൊട്ടാലും തൊട്ടില്ലേലും പൊള്ളും
ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ മണ്ണിൽ വീണ്ടും അധികാരം പിടിച്ചടാക്കാമെന്ന മോഹം അത്ര എളുപ്പത്തിൽ സാധിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്യാമ്പില്‍ മ്ലാനത പടർത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നൽകിയെങ്കിലും ഇത് കേന്ദ്ര സർക്കാർ കൂടി അംഗീകരിക്കേണ്ടതുണ്ട്. ഈ തീരുമാനം അംഗീകരിച്ചാൽ മറ്റ് ജാതി വിഭാഗങ്ങളുടെ കടുത്ത എതിർപ്പും ബിജെപി നേരിടേണ്ടി വരും. അതേ സമയം ലിംഗായത്ത് സമുദായത്തെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനത്തിന്റെ രാഷ്ട്രീയ ഗുണം കോൺഗ്രസ് കൊണ്ടുപോവുകയും ചെയ്യും.

ആളും അധികാരവും ലിംഗായത്തിനൊപ്പം
മതന്യൂനപക്ഷ പദവി കർണ്ണാടക സർക്കാർ അംഗീകരിച്ചെങ്കിലും എന്നും കർണ്ണാടകയുടെ അധികാരവും പണവും ആൾബലവും ലിംഗായത് സമുദായത്തിനൊപ്പമാണ്. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന 59 ലക്ഷത്തോളം വരുന്ന ലിംഗായത്തുകൾക്കിടയിൽ 90 ഉപവിഭാഗങ്ങളുണ്ട്. അധികാരവും പണവും എന്നും ഇവർക്കൊപ്പമാണ്. കർണ്ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ നൂറു മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ് ലിംഗായത് സമുദായം. കർണാടകയിൽ കോൺഗ്രസായാലും ബിജെപിയായാലും അമ്പത് ശതമാനം എംഎൽഎമാർ ലിംഗായത് സമുദായത്തിൽ നിന്നാവുമെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ. മന്ത്രിസഭയിലും ഭൂരിഭാഗവും ഇവരായിരിക്കും. ബി ജെ പിയുടെ മുൻമുഖ്യമന്ത്രി യെദിയൂരപ്പ അടക്കമുള്ളവർ ലിങ്കായത്ത് സമുദായത്തിൽ നിന്നാണ്.

അര്‍ഹരല്ലെന്ന്
ലിംഗായത്തുകാരിലെ ഭൂരിപക്ഷവും പരമ്പരാഗതമായി ബി ജെ പിക്ക് വോട്ട് ചെയ്യുന്നവരാണെന്നതിനാൽ ന്യൂനപക്ഷ മത പദവിയിലൂടെ ബിജെപി വോട്ടുബാങ്കിൽ വലിയൊരു വിള്ളലുണ്ടാക്കിയിട്ടുണ്ട് കോൺഗ്രസ്. ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ മത പദവി നൽകുമ്പോഴും ജാതി അടിസ്ഥാനത്തിൽ സിദ്ധരാമയ്യ സർക്കാർ നടത്തിയ സാമൂഹിക സാമ്പത്തിക സർവേയുടെ ഫലം ഇനിയും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇതനുസരിച്ച് ലിംഗായത്ത് സമുദായം ന്യൂനപക്ഷ മതപദവിക്ക് അർഹരല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 180 വിവിധ ജാതികളായി തിരിഞ്ഞുകിടക്കുന്ന ഒരു കോടിയിലേറെ ദളിതരും 75 ലക്ഷം വരുന്ന മുസ്ലിംകളും കർണ്ണാടകയിലുണ്ട്. ജനസംഖ്യാനുപാദത്തിൽ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇവർക്കാണെങ്കിലും അധികാരവും പണവും എന്നും ഇവർക്ക് അന്യമാണ്. ഭൂരിഭാഗവും ദാരിദ്രത്തിലാണ്ടാണ് കഴിയുന്നത്.

കൈ പൊള്ളാതെ നോക്കി യെദ്യൂരപ്പ
ലിംഗായത്തിന് പ്രത്യേക മതപദവി നൽകാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നിർദ്ദേശം പുറത്തുവന്നതിന് പിന്നാലെ ലിംഗായത്ത് സമുദായാംഗവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ലിംഗായത്തിന് പ്രത്യേക പദവിയെന്നതിന് ദീർഘനാളായി ബിജെപി എതിരാണ്. പ്രതികരിച്ചാലുണ്ടാകിനിടയുള്ള പ്രത്യാഘാതം മുൻകൂട്ടി കണ്ട യെദ്യൂരപ്പ ഒരു കാര്യം വ്യക്തമാക്കി. താൻ ഓൾ ഇന്ത്യ വീരശൈവ മഹാസഭയുടെ തിരുമാനം എന്താണോ അതിനെ അംഗീകരിക്കുമെന്ന്. വീരശൈവൻമാരുടേയും ലിംഗായത്തുകളുടേയും മാതൃസംഘടനയാണ് എഐവിഎം. സർക്കാരിന്റെ തിരുമാനത്തെ അംഗീകരിച്ച് കഴിഞ്ഞ ദിവസം തന്നെ മഹാസഭ ചെയർമാൻ ഷവനൂർ ശിവശങ്കരപ്പ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ യെദ്യൂരപ്പയുടെ പ്രതികരണത്തിൽ അമ്പരന്നിരിക്കുകയാണ് ബിജെപി.

ഇരട്ടത്താപ്പ്
ബിജെപിയുടെ സംസ്ഥാന പ്രസിഡൻറും തിരുമാനത്തെ എതിർത്ത് രംഗത്ത് വരാത്തതും ശ്രദ്ധേയമാണ്. ലിംഗായത്ത് സമുദായത്തിൽ തന്നെ ലിംഗായത്ത് , വീരശൈവ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ഇതിൽ വീരശൈവ വിഭാഗത്തിൻറെ നേതാവാണ് യെദ്യൂരപ്പ. നേരത്തേ തന്നെ ലിംഗായത്തുകൾക്ക് പ്രത്യേക മതവിഭാഗം എന്ന പദവി ആവശ്യമില്ലെന്ന് യെദ്യൂരപ്പ വാദിച്ചിരുന്നെങ്കിലും 2013ൽ പ്രത്യേക മത പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള ശിവശങ്കരപ്പയുടെ ആവശ്യത്തെ അംഗീകരിച്ച് കൊണ്ട് യെദ്യൂരപ്പ ഒപ്പിട്ട മെമ്മറാണ്ടം പുറത്ത് വന്നിരുന്നു. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

കോൺഗ്രസിനെ പുകഴ്ത്തി മഹാസഭാ
അതേസമയം സർക്കാർ തിരുമാനത്തെ അംഗീകരിച്ച് മഹാസഭ നേതാവ് ശിവശങ്കരപ്പ നേരത്തേ രംഗത്തെത്തിയിരുന്നു. ലിംഗായത്തുകാരോട് സർക്കാർ നീതി പുലർത്തി എന്നായിരുന്നു ശിവശങ്കരപ്പയുടെ പ്രതികരണം. അതേസമയം മഹാസഭ സർക്കാർ തിരുമാനത്തെ പിന്തുണച്ച് വന്നതിന് പിന്നാലെ തിരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മഹാസഭാ നേതൃത്വത്തെ യെദ്യൂരപ്പ സന്ദർശിച്ചിരുന്നതായും വാർത്തകളുണ്ട്. ഇതോടെ മാർച്ച് 23 ന് മഹാസഭയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം മാത്രമേ സർക്കാർ തിരുമാനത്തോടുള്ള പ്രതികരണം വ്യക്തമാക്കാൻ കഴിയൂവെന്ന് ശിവശങ്കരപ്പ പ്രതികരിച്ചു.

കൈ നനയാതെ മീന്‍ പിടിച്ചു
വീരശൈവയ്ക്കും ലിംഗായത്തുകൾക്കും നിലവിൽ അഞ്ച് ശതമാനം സംവരണം ലഭിക്കുന്നുണ്ട്. നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് ബസവനയുടെ തത്വങ്ങളിൽ വിശ്വസിക്കുന്നവർ മാത്രമേ പുതിയ മതവിഭാഗത്തിന് പരിധിയിൽ വരുള്ളൂ. അതുകൊണ്ട് തന്നെ ബസവനയെ എതിർത്ത് ഹിന്ദുക്കളായി തുടരാൻ ആഗ്രഹിക്കുന്ന വീരശൈവൻമാരെ ഉപയോഗിച്ച് സർക്കാരിനെതിരെ തിരിയാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. എന്നാൽ ഇത് മുൻകൂട്ടി കണ്ട സിദ്ധരാമയ്യ സർക്കാർ നിലവൽ വീരശൈവൻമാർക്ക് ലഭിക്കുന്ന അഞ്ച് ശതമാനം സംവരണം തുടരുമെന്ന ഉറപ്പും നൽകുന്നുണ്ട്. പുതിയ മതം സ്വീകരിച്ചില്ലേങ്കിൽ പോലും സർക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ തുടരുമെന്നും വ്യക്തമാക്കുന്നു.












Click it and Unblock the Notifications