ബിജെപിയ്ക്ക് കിട്ടിയത് ഇരുട്ടടി: ലിംഗായത്തുകൾ കൈവിട്ടു, പിന്തുണ കോൺഗ്രസിനെന്ന്
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബിജെപിയ്ക്ക് ഇരുട്ടടിയുമായി ലിംഗായത്തുകൾ. ബിജെപിയെ തള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് ലിംഗായത്ത് സമുദായം പ്രഖ്യാപിച്ചിട്ടുള്ളത്. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കുന്നതിന് സിദ്ധരാമയ്യ സർക്കാർ നൽകിയിട്ടുള്ള പിന്തുണ കണക്കിലെടുത്താണ് ലിംഗായത്തുകളുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. കർണാടകത്തിലെ ജനസംഖ്യയുടെ 18 ശതമാനത്തോളവും ലിംഗായത്തുകളാണ്.
1990 മുതൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്ന ലിംഗായത്തുകളാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ത്രിപുരയിലുൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പ്രകടനം കാഴ്ചവെച്ച ബിജെപിയ്ക്ക് കർണാടക തിരഞ്ഞെടുപ്പും നിർണായകമാണ്. ആദ്യമായാണ് ഇത്തരത്തിൽ ലിംഗായത്തുകൾ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തുന്നത്. കർണാടകത്തിലെ 224 സീറ്റുകളിൽ 123 സീറ്റുകളിലും ലിംഗായത്തുകളുടെ വോട്ടുകൾ ബിജെപിയ്ക്ക് നിര്‍ണായകമാണ്.

സിദ്ധരാമയ്യ തങ്ങളുടെ ആവശ്യങ്ങളെ പിന്തുണച്ചുവെന്നും അതിനാൽ ലിംഗായത്തുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പിന്തുണയ്ക്കുമെന്നാണ് ലിംഗായത്ത് നേതാവ് മാതാ ദേവി വ്യക്തമാക്കിയത്. മറ്റുള്ളവരുടെ കാര്യം അറിയില്ല ഞങ്ങൾ സിദ്ധരാമയ്യയുടെ പാർട്ടിയെ പിന്തുണയ്ക്കുമെന്നും മാതാ ദേവി കൂട്ടിച്ചേർത്തു. സമുദായത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ സമീപിച്ചിരുന്നുവെങ്കിലും അവർ യാതൊരു പിന്തുണയും നൽകിയില്ല. ലിംഗായത്ത് നേതാവ് മുരുഗരാജേന്ദ്ര പറയുന്നു. ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായിരുന്നിട്ടും സമുദായത്തിന് പ്രത്യേക പദവി നൽകുന്ന കാര്യം പരിഗണിക്കപ്പെട്ടിരുന്നില്ല. യെദ്യൂരപ്പയും ഇതേ സമുദായത്തില്‍പ്പെടുന്ന ബിജെപി നേതാവാണ് എന്ന കാര്യവും ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.












Click it and Unblock the Notifications