ഗിര്‍വനത്തില്‍ കൂട്ടമായി സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു: റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍, മരണകാരണം!!
Recommended Video

രാജ്കോട്ട്: ഗുജറാത്തിലെ ഗിര്‍വനത്തില്‍ സിംഹങ്ങള്‍ കൂട്ടമായി ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഗിര്‍ വനത്തിന്റെ ഈസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ദല്‍കാനിയ റേഞ്ചില്‍ കുറച്ച് ദിവസങ്ങളായി കഴിഞ്ഞിരുന്ന 11 സിംഹങ്ങളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്ച ഗുജറാത്തിലെ രജുല അമ്രേലി ജില്ലയിലാണ് 11 സിംഹങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെക്കൂടാതെ ഇതേ ദിവസം തന്നെ ഈ മേഖലയില്‍ മൂന്ന് സിംഹങ്ങളെക്കൂടി ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഗിര്‍വനത്തിന്റെ നടത്തിപ്പ് എളുപ്പത്തിലാക്കുന്നതിന് വേണ്ടിയാണ് ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ളത്.
ചത്ത മൃഗങ്ങളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ജഗന്നാഥ് വെറ്റിനറി ആശുപത്രിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. സിംഹങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവം അന്വേഷിക്കാന്‍ വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത ഉത്തരവിട്ടിട്ടുണ്ട്. ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കാണ് അന്വേഷണ ചുമതല.

സിംഹങ്ങള്‍ തമ്മിലുള്ള പോരാണ് എട്ട് മൃഗങ്ങളുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അവശേഷിക്കുന്ന മൂന്ന് സിംഹങ്ങളുടെ മരണം സംബന്ധിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മാത്രേ അറിയാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.












Click it and Unblock the Notifications