കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത് 9 മണിക്കൂർ, 56 ചോദ്യങ്ങൾ, എല്ലാം വ്യാജമെന്ന് കെജ്രിവാൾ
ദില്ലി: മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത് നീണ്ട 9 മണിക്കൂറോളം. രാവിലെ പതിനൊന്ന് മുപ്പതോട് കൂടിയാണ് ദില്ലിയിലെ സബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വേണ്ടി കെജ്രിവാള്‍ ഹാജരായത്. കേസിലെ സാക്ഷിയെന്ന നിലയ്ക്കാണ് കെജ്രിവാളില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടിയത്.
മദ്യ ലോബിയെ സഹായിക്കുന്നതിന് വേണ്ടി മദ്യനയം രൂപീകരിക്കുന്നതില്‍ അഴിമതി കാണിച്ചു എന്നതാണ് സിബിഐ അന്വേഷിക്കുന്ന കേസ്. വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി ഹാജരാകാന്‍ കെജ്രിവാളിനോട് സിബിഐ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

''തന്നോട് സിബിഐ ഉദ്യോഗസ്ഥര്‍ 56 ചോദ്യങ്ങളാണ് ചോദിച്ചത്. എല്ലാം വ്യാജമാണ്. ഈ കേസും വ്യാജമാണ്. അവരുടെ പക്കല്‍ തങ്ങള്‍ക്ക് എതിരെയായി ഒന്നും ഇല്ല. ഒരു തുണ്ട് തെളിവ് പോലും അവരുടെ കയ്യിലില്ലെന്ന് ബോധ്യമായി'', സിബിഐ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം കെജ്രിമാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മദ്യ നയത്തിന് തുടക്കമിട്ട 2020 മുതല്‍ അവസാനിപ്പിച്ചത് വരെയുളള എല്ലാ കാര്യങ്ങളും സിബിഐ തന്നോട് ചോദിച്ചു. മദ്യനയത്തിന്റെ പേരിലുളള കേസ് വ്യാജമാണ്, അത് കെട്ടിച്ചമച്ചതാണ്. സത്യസന്ധത എന്നതാണ് തങ്ങളുടെ നയം. തങ്ങള്‍ മരിക്കാന്‍ തയ്യാറാണ്, എന്നാലും സത്യസന്ധതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ ഇക്കാര്യങ്ങളെല്ലാ ചെയ്യുന്നത് തങ്ങളെ കരിവാരി തേക്കുന്നതിന് വേണ്ടിയും തങ്ങള്‍ ചെയ്യുന്ന നല്ല, വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ്. തങ്ങള്‍ ഇപ്പോഴൊരു ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു. അതുകൊണ്ട് തങ്ങളെ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത് എന്നും കെജ്രിവാള്‍ പറഞ്ഞു. ദില്ലി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയെ ഈ കേസില്‍ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications