മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിനെ ഇ ഡി ചോദ്യം ചെയ്യും; സമൻസ് അയച്ചു
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നവംബർ രണ്ടിന് കേന്ദ്ര ഏജൻസിയുടെ ഡൽഹി ഓഫീസിൽ ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഏപ്രിൽ മാസത്തിൽ ഈ കേസിൽ ഇ ഡി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
മുൻ ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി മണിക്കൂറുകൾക്ക് ശേഷമാണ് ഇന്നത്തെ സമൻസ് വന്നത്. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാണം എന്നത് കണക്കിലെടുത്താണ് തീരുമാനം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വിഎൻ ഭട്ടി എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി ബി ഐയും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിൽ ആയിരുന്നു കോടതി വിധി പറഞ്ഞത്. നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തിൽ അന്വേഷണ ഏജൻസികൾക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. വിചാരണ വേളയിൽ ഈ കേസ് തള്ളിപ്പോകും എന്ന് ഉൾപ്പെടെ നിരീക്ഷണം ഉണ്ടായി.
എന്നാൽ 388 കോടി രൂപയുടെ കൈമാറ്റം തെളിയാക്കാൻ സാധിച്ചുവെന്നും അത് കൊണ്ട് തന്നെ ജാമ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാർട്ടിയും മനീഷ് സിസോദിയ ഉൾപ്പടെ ഉള്ളവർ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്.
41 പേജുള്ള ഉത്തരവിൽ, തിരഞ്ഞെടുത്ത ഏതാനും ചിലർക്ക് അപ്രതീക്ഷിത നേട്ടമുണ്ടാക്കാൻ "ശ്രദ്ധാപൂർവ്വം ഗൂഢാലോചന" നടക്കുന്നുവെന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വാദം കോടതി അംഗീകരിച്ചു. വിധി വന്നതിന് പിന്നാലെ കെജ്‌രിവാൾ രാജിവെക്കണമെന്ന് ഡൽഹി ബി ജെ പി യൂണിറ്റ് നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ആം ആദ്മി പാർട്ടിയെ എന്ത് വില കൊടുത്തും തകർക്കുക എന്ന ഒറ്റ ലക്ഷ്യമേ കേന്ദ്ര സർക്കാരിനുള്ളൂവെന്ന് മുതിർന്ന എ എ പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇതിനായി അവർ കള്ളക്കേസ് ഉണ്ടാക്കുന്നത് ഉൾപ്പെടെ ഉള്ള ഒന്നും ഉപേക്ഷിക്കുന്നില്ല. അരവിന്ദ് കെജ്‌രിവാളിനെ ജയിലിലേക്ക് അയച്ച് ആം ആദ്മി പാർട്ടിയെ തകർക്കുക എന്നതാണ് ആശയം എന്നും സൗരഭ് പറഞ്ഞു.












Click it and Unblock the Notifications