വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു പോലുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കാരണം ആഗോള പ്രതിസന്ധി തുടരുന്നതിനിടയില്‍ ജനങ്ങളോട് ശാന്തതയും സംയമനവും പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ഇതുപോലുള്ള ഒരു സമയത്ത് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരവും ദോഷകരവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍-യുഎസ് യുദ്ധം മൂലം ആഗോളതലത്തില്‍ ഊര്‍ജ്ജ വിതരണ തടസ്സങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലോക്ക്ഡൗണിനെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് പുരിയുടെ വിശദീകരണം വന്നത്.

ആഗോള സ്ഥിതിഗതികള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യ വസ്തുക്കള്‍ എന്നിവയിലുടനീളമുള്ള സംഭവ വികാസങ്ങള്‍ തങ്ങള്‍ തത്സമയം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ പൗരന്മാര്‍ക്ക് ഇന്ധനം, ഊര്‍ജ്ജം, മറ്റ് നിര്‍ണായക സാധനങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ നേരിടാന്‍ തങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആഗോള അനിശ്ചിതത്വങ്ങളെ നേരിടുന്നതില്‍ ഇന്ത്യ സ്ഥിരമായി പ്രതിരോധ ശേഷി പ്രകടിപ്പിച്ചിട്ടുണ്ട്, സമയബന്ധിതവും മുന്‍കൈയെടുക്കുന്നതും ഏകോപിപ്പിച്ചതുമായ രീതിയില്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ലോക്ക്ഡൗണ്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ കാരണമായത്.
കൊവിഡ് മഹാമാരി പ്രഖ്യാപിച്ചതിന് ശേഷം 2020 ല്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ കൊവിഡ് മഹാമാരിയെ കുറിച്ച് പരാമര്‍ശിച്ചെങ്കിലും, ഇന്ത്യ ഒരു ആഗോള പ്രതിസന്ധിയെ എങ്ങനെ നേരിട്ടുവെന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു അത്. കൊവിഡ് മഹാമാരിയില്‍ ഒരുമിച്ച് നിന്നതുപോലെ ഐക്യത്തോടെ തുടരാന്‍' അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പക്ഷേ തന്റെ പ്രസംഗത്തില്‍ 'ലോക്ക്ഡൗണ്‍' എന്ന പദം ഒരിക്കലും പരാമര്‍ശിച്ചില്ല. എന്നാല്‍ നിലവിലുള്ള എല്‍പിജി വിതരണ ആശങ്കകളും ഇന്ധന ലാഭിക്കല്‍ നടപടികളും കാരണം ആശയക്കുഴപ്പം പടര്‍ന്നു. അതിനിടെ മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ ആറാം വര്‍ഷവും വന്നത് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായി.












Click it and Unblock the Notifications