ലോക്ഡൗണ്‍ ലംഘനം; ഇന്ത്യയിലെ ഈ സംസ്ഥാനത്ത് നിന്നും പിഴയായി പിരിച്ചെടുത്തത് 5.78 കോടി
ലഖ്‌നൗ: കോറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് മാര്‍ച്ച് 25 മുതല്‍ തുടരുന്ന ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അതത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 13200 എഫ്‌ഐആറുകളാണ്്. ഒപ്പം 42350 പേര്‍ക്കെതിരെ കേസെടുത്തതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനഉടമകളില്‍ നിന്നും പൊലീസ് ഫൈനായി ഈടാക്കിയത് 5.78 കോടി രൂപയാണ്.
'സംസ്ഥാനത്തെ ഓരോ ജില്ലകളിലും ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നതിനായി കടുത്ത നടപടികളാണ് സ്വീകരിച്ചത്. ഈ കാലയളവില്‍ പൊലീസ് 42359 പേര്‍ക്കെതിരായി 13208 എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.' അഡിഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇങ്ങോട്ട് സംസ്ഥാനത്ത് 1.39 കോടി വാഹനങ്ങള്‍ പരിശോധിച്ചതായും 31 ലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് ചലാന്‍ ഏര്‍പ്പെടുത്തിയതായും 5.87 കോടി രൂപ പിഴയായി ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 896 കേസുകളാണ്. 37 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 പേരാണ് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്. ദില്ലിയില്‍ മൂന്ന് പേരും ഗുജറാത്തില്‍ ഒരാളും മരണപ്പെട്ടു.
രാജ്യത്ത് ഇതുവരേയും കൊറോണ ബാധിച്ചത് 6761 പേര്‍ക്കാണ്. നിലവില്‍ 6039 പേരാണ് ചികിത്സയിലുള്ളത്. രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 576 പേര്‍ രോഗമുക്തരാവുകയും 206 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരേയും കൊറോണ വൈറസ് രോഗത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ . ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കരുതലാണ് വേണ്ടതെന്നും ലവ് അഗര്‍വാള്‍ കൂട്ടിചേര്‍ത്തു.


Click it and Unblock the Notifications