കേതൻ അഗർവാളിനെ കൊല്ലാൻ ഗൂഗിളിൽ റിസർച്ച് നടത്തി പ്രതിശ്രുത വധുവും കാമുകനും; കൂടുതൽ വിവരങ്ങൾ പുറത്ത്
പൂനെയിലെ 25-കാരനായ യുവ വ്യവസായി കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് അത്യന്തം ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ജൂൺ 18-ന് ലോഹഗഡ് കോട്ടയിലെ ഹാത്തി തടാകത്തിന് സമീപമുള്ള കൊക്കയിലേക്ക് വീണ് കേതൻ മരണപ്പെട്ട സംഭവം ആദ്യം ഒരു അപകടമെന്നാണ് കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇത് പ്രതിശ്രുത വധുവായ സിയ ഗോയലും, കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു. ജൂൺ 29 വരെ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.
പ്രണയവും വിവാഹനിശ്ചയവും സൃഷ്ടിച്ച പ്രതിസന്ധി
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഒരു ദീപാവലി ആഘോഷത്തിനിടയിലാണ് സിയയും ചേതനും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇവർ പ്രണയത്തിലായി. ഇതിനിടയിലാണ് കേതൻ അഗർവാളുമായുള്ള സിയയുടെ വിവാഹനിശ്ചയം കുടുംബാംഗങ്ങൾ ഉറപ്പിച്ചത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ കേതനെ സിയയ്ക്ക് തുടക്കത്തിൽ സമ്മതമായിരുന്നു. എന്നാൽ വിവാഹനിശ്ചയത്തിന് ശേഷം സിയയ്ക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലാതായി. എന്നാൽ സാമൂഹിക സമ്മർദ്ദങ്ങളും കുടുംബത്തിന്റെ നിർബന്ധവും കാരണം വിവാഹത്തിൽ നിന്ന് പിന്മാറാൻ സിയയ്ക്ക് സാധിച്ചില്ല. ഇതോടെ സിയ വീണ്ടും ചേതനുമായി അടുക്കുകയും കേതനെ ഒഴിവാക്കാൻ ഇവർ ചേർന്ന് പദ്ധതിയിടുകയും ചെയ്തു.

ഗൂഗിളിലെ തിരച്ചിലും പരാജയപ്പെട്ട ആദ്യ ശ്രമവും
കൊലപാതകം നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപേ ഇരുവരും ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിഷം നൽകി കൊല്ലുന്നത് മുതൽ കോട്ടയിൽ നിന്ന് തള്ളിയിടുന്നത് വരെയുള്ള വിവിധ മാർഗ്ഗങ്ങൾ ഇവർ ഗൂഗിളിൽ തിരഞ്ഞു. കൊലപാതകം ഒരു അപകടമരണമാക്കി മാറ്റാൻ പറ്റിയ സ്ഥലവും ലോഹഗഡ് കോട്ടയിൽ ഇവർ നേരത്തെ കണ്ടെത്തിയിരുന്നു. ജൂൺ 14-ന് ഇവർ കേതനെ വധിക്കാൻ ആദ്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ചേതൻ കൂടി നേരിട്ട് പങ്കെടുത്താൽ മാത്രമേ കാര്യം നടക്കൂ എന്ന് ഇവർ തിരിച്ചറിഞ്ഞു.
ജൂൺ 18-ന് കൊലപാതകം നടന്ന ദിവസം ചേതൻ തന്റെ മുഖം മറയ്ക്കാൻ വലിയൊരു ഹൂഡി ധരിച്ചാണ് കോട്ടയിലേക്ക് എത്തിയത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ ഹൂഡി ബാഗിൽ വെച്ച ശേഷം സിയയും കേതനും നിൽക്കുന്ന സ്ഥലത്തിന് പിന്നിലെത്തി. കേതനെ പെട്ടെന്ന് കൊക്കയിലേക്ക് തള്ളിയിട്ട ശേഷം, ആരും സംശയിക്കാതിരിക്കാൻ ചേതൻ വീണ്ടും ഹൂഡി ധരിച്ച് അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു. കേതന്റെ മരണകാരണം കൊക്കയിലേക്ക് വീഴുമ്പോൾ തലയ്ക്കുണ്ടായ ഗുരുതരമായ പരിക്കാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പോലീസിനെ എങ്ങനെ നേരിടണം, അപകടമരണമാണെന്ന് എങ്ങനെ സ്ഥാപിക്കണം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. സിയയുടെയും ചേതന്റെയും മൊബൈൽ രേഖകളും ഇന്റർനെറ്റ് ഉപയോഗവും ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. സിയയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ഇതിനകം ചോദ്യം ചെയ്തു. ഈ കേസ് ഇപ്പോൾ പൂനെ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ വളരെ ഗൗരവമായി മുന്നോട്ട് പോകുകയാണ്.












Click it and Unblock the Notifications