നോയിഡയിലെ പോളിങ് ബൂത്തില്‍ നമോ ഫുഡ് പാക്കറ്റുകള്‍: ആകസ്മികമായി എത്തിയതെന്ന് വിശദീകരണം!!
നോയിഡ: ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നോയിഡ പോളിങ് ബൂത്തില്‍ നമോ റെസ്റ്റോറന്റിലെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതിനെതിരെ വോട്ടേഴ്സ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും എന്നാല്‍ ജില്ലാ ഭരണകൂടം ഈ ആരോപണങ്ങള്‍ നിക്ഷേധിച്ചെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ മഹേഷ് ശര്‍മ്മയുടെ വസതിക്കു സമീപമുള്ള പോളിങ് ബൂത്തിലാണ് നമോ ഫുഡ് പാക്കറ്റ് എത്തിയത്.
'ശശി തരൂര്‍ കരഞ്ഞ് പറഞ്ഞു, പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍'; വെളിപ്പെടുത്തലുമായി മുരളി
പോലീസ് ഉദ്യോഗസ്ഥര്‍ നമോ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തെന്ന വാര്‍ത്ത തികച്ചും അസംബന്ധമാണെന്നും നമോ ഫുഡിന് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലെന്നും ഗൗതം ബുദ്ധനഗര്‍ സീനിയര്‍ സൂപ്രണ്ട് വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ചിലര്‍ മനപൂര്‍വ്വം രാഷ്ട്രീയ കുടിപ്പകയോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കയാണെന്നും ഏതെങ്കിലും പ്രത്യേക ഏജന്‍സിക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ നിയോഗിച്ചിരുന്നില്ലെന്നും പറയുന്നു.
പോളിങ് ആരംഭിച്ചതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണെന്നും നമോ ഫൂഡ് എന്നത് തികച്ചും ആകസ്മികമായി സംഭവിച്ചതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ശര്‍മ്മ വോട്ട് ചെയ്യാനെത്തുന്നതിന് തൊട്ട് മുമ്പാണ് ഭക്ഷണ പൊതികള്‍ വിതരണത്തിനെത്തിയതെന്ന് വോട്ടേഴ്സ് ആരോപിക്കുന്നു. എന്നാല്‍ ജനങ്ങള്‍ ഇത് ശ്രദ്ധിച്ചതോടെ ഭക്ഷണപ്പൊതികള്‍ തിരിച്ചയക്കുകയായിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒന്നാണ് ഗൗതം ബുദ്ധനഗര്‍.