ലോക്സഭ തിരഞ്ഞെടുപ്പിൽ ലക്ഷ്യം 20 സീറ്റുകൾ; ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നും 'ശക്തരെ'ചാടിക്കാൻ കോൺഗ്രസ്
ലോക്സഭ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ വിജയിക്കാനുള്ള തന്ത്രം മെനഞ്ഞ് കോൺഗ്രസ്. വിജയ സാധ്യത കൂടുതലുള്ള ശക്തരായ നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് പദ്ധതി. ഇതിനായി ബിജെപിയിൽ നിന്നും ജെഡിഎസിൽ എന്നും അതിശക്തരെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെടെയുള്ളവരെയാണ് കോൺഗ്രസ് മറുകണ്ടം ചാടിക്കാനൊരുങ്ങുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് 100 സീറ്റുകളെങ്കിലും നേടിയെടുക്കുകയെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. പാർട്ടിക്ക് ഏറെ അനുകൂല സാഹചര്യമുളള കർണാടകയിൽ നിന്നും കൂടുതൽ സീറ്റുകൾ നേടിയെടുക്കണമെന്നാണ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം ലോക്സഭ തിരഞ്ഞെടുപ്പിലും സ്വാധീനിക്കുമെന്നും നേതൃത്വം കരുതുന്നു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ വിജയങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാറില്ലെന്നാണ് സംസ്ഥാനത്തെ പതിവ് രീതി. മാത്രമല്ല 2019 ൽ 28 ൽ 25 സീറ്റുകളും ബി ജെ പിയായിരുന്നു വിജയിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നത്. ഇതിനോടകം തന്നെ ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നുള്ള എംഎൽഎമാരെ കോൺഗ്രസ് ബന്ധപ്പെട്ട് കഴിഞ്ഞു.
എംഎൽഎമാരായ എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ, മുൻ എം എൽ എമാരായ കുമാർ ബംഗാരപ്പ, ശങ്കർ പാട്ടീൽ മുനേനക്കൊപ്പ, ആനന്ദ് സിങ് (എല്ലാവരും ബിജെപി), മുൻ എംഎൽഎമാരായ സിഎസ് പുട്ടരാജു, എംടി കൃഷ്ണപ്പ (ജെഡിഎസ്) എന്നിവരെയാണ് കോൺഗ്രസ് ബന്ധപ്പെട്ടത്.
'വിജയസാധ്യതയുള്ള ലോക്‌സഭാ സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരേയും മുൻ എംഎൽഎമാരേയും പാർട്ടി ബന്ധപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ബംഗളൂരു നോർത്തിൽ, പാർട്ടിക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. സോമശേഖറിൽ നിന്നുള്ള ഒരു പിന്തുണ മാത്രമാണ് ഇവിടെ കോൺഗ്രസിന് ആവശ്യം. ഉത്തര കന്നഡ മണ്ഡലത്തിനും ഇത് ബാധകമാണ്. സിറ്റിംഗ് എം എൽ എ അനന്ത് കുമാർ ഹെഗ്‌ഡെ ഇവിടെ ഇത്തവണ മത്സരിക്കുന്നില്ല' , മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പി ഭാരവാഹികളായ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മൺ സവാദിയുടെയും പാർട്ടിയിലേക്കുള്ള കടന്ന് വരവ് മുംബൈ കർണാടക മേഖയിൽ കോൺഗ്രസിന് വലിയ ബൂസ്റ്റായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭാംഗങ്ങളെ കൂടാതെ, ജില്ലാ, താലൂക്ക്, ഗ്രാമപഞ്ചായത്തുകളിലെ സിറ്റിംഗ്, മുൻ അംഗങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ബി ജെപി യിൽ നിന്നും ജെ ഡി എസിൽ നിന്നുമുള്ള രണ്ടാം നിര നേതാക്കളെയും മൂന്നാം നിര നേതാക്കളെയും മത്സരിപ്പിക്കാൻ കോൺഗ്രസ് താൽപ്പര്യപ്പെടുന്നുണ്ട്.വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള നേതാക്കളെ തിരിച്ചറിയാൻ ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും ജില്ലാ കോൺഗ്രസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.












Click it and Unblock the Notifications