'രാഹുല്‍ വയനാട്ടിലേക്ക് പോകുന്നത് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ളതിനാല്‍'; വിമര്‍ശിച്ച് ബിജെപി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ ബി ജെ പി. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കാത്തതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാഹുല്‍ വീണ്ടും വയനാട്ടില്‍ നിന്ന് ജനവിധി തേടിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂനപക്ഷ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ആശ്രയിക്കുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം മുഴുവന്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അമേഠിയില്‍ മത്സരിക്കാത്തത്?, രവിശങ്കര്‍ പ്രസാദിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

''അദ്ദേഹം വയനാട്ടിലേക്ക് പോയത് അവിടെ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായതിനാലാണ്. കോണ്‍ഗ്രസിന്റെ മുഴുവന്‍ രാഷ്ട്രീയവും ന്യൂനപക്ഷങ്ങളെ ആശ്രയിച്ചിരിക്കുന്നു,' രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2004, 2009, 2014 വര്‍ഷങ്ങളില്‍ വിജയിച്ച ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് 2019-ല്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. അന്ന് വയനാട്ടില്‍ കൂടി മത്സരിച്ചതിനാലാണ് രാഹുലിന് പാര്‍ലമെന്റില്‍ എത്താന്‍ സാധിച്ചത്.
കോണ്‍ഗ്രസിന്റെ വിശിഷ്യ ഗാന്ധി കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിലെ തോല്‍വി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അമേഠിയില്‍ കോണ്‍ഗ്രസിന് അനുകൂലമല്ല കാര്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പേരുകള്‍ അന്തിമമാക്കുന്നതിനായി വ്യാഴാഴ്ച നടന്ന ആദ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ അമ്പതോളം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചു.
കേരളത്തിലെ മിക്കവാറും എല്ലാ സിറ്റിംഗ് എം പിമാര്‍ക്കും അവസരം നല്‍കാനാണ് തീരുമാനം. ഇത് പ്രകാരം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ നിന്ന് തന്നെ മത്സരിച്ചേക്കും. വടകര, തൃശൂര്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് വിവരം. പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക് പോയ സാഹചര്യത്തില്‍ മുരളീധരന്‍ തൃശൂര്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സിഇസി യോഗത്തില്‍ ഇരുവരും പങ്കെടുത്തു. ജ്യോത്സ്‌ന മഹന്തിന്റെ പേര് ഛത്തീസ്ഗഡില്‍ നിന്നും കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി സൂം വഴി യോഗത്തിന്റെ ഭാഗമായി.












Click it and Unblock the Notifications