ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം... ഇനി സിഎഎയും യൂണിഫോം സിവില്‍ കോഡും; 2024 ലേക്കൊരുങ്ങി ബിജെപി
ന്യൂദല്‍ഹി: പൗരത്വ നിയമം, യൂണിഫോം സിവില്‍ കോഡ് എന്നിവയുമായി മുന്നോട്ട് പോകാന്‍ ബി ജെ പി നീക്കം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കല്‍, ക്രിമിനല്‍ നീതിയുമായി ബന്ധപ്പെട്ട മൂന്ന് വിവാദ ബില്ലുകള്‍ പാസാക്കല്‍ എന്നിവയിലെ ജനകീയ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം എന്ന് അറിയുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പൊതുതിരഞ്ഞെടുപ്പില്‍ പൗരത്വ നിയമം തങ്ങളുടെ പ്രധാന അജണ്ടയില്‍ കൊണ്ടുവരാനുള്ള തന്ത്രമാണ് ബി ജെ പി മെനയുന്നതെന്നാണ് സൂചന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും രാമക്ഷേത്ര നിര്‍മ്മാണത്തിനും ശേഷമുള്ള ഏറ്റവും ശക്തമായ വിഷയം യൂണിഫോം സിവില്‍ കോഡ് ആണ് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

യൂണിഫോം സിവില്‍ കോഡിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് ബി ജെ പി ഉറ്റുനോക്കുന്നത്. ആദ്യം അത് ഇന്ത്യക്കാര്‍ക്കിടയില്‍ 'ഒരു ഭരണം, ഒരു രാഷ്ട്രം' എന്ന ബോധം സൃഷ്ടിക്കും. രണ്ടാമതായി, മിക്ക പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ പിന്തുണ നേടുന്നതിന് ആശ്രയിക്കുന്ന പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കും എന്നാണ് ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞത് എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഉജ്ജ്വല വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉത്തരാഖണ്ഡിലേതിന് സമാനമായി യു സി സി മാതൃക പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ക്രിമിനല്‍ നയങ്ങള്‍ മാറ്റി അവതരിപ്പിച്ച് പാസാക്കിയത് രാജ്യത്തിന് വേണ്ടി ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന മോദി സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചേര്‍ത്തു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
2024ലെ തിരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി ജനസംഖ്യാ നിയന്ത്രണ നടപടികളും ബി ജെ പി കാണുന്നു. ബി ജെ പി ഭരിക്കുന്ന അസം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അസമില്‍, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന് ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു.
2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ നിയമങ്ങള്‍ പരിഗണിക്കും എന്ന് ആഭ്യന്തര സഹമന്ത്രി അജയ് കെ മിശ്ര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം 2021-22 കാലയളവില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 1,414 വിദേശികള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട് എന്നും പൗരത്വ നിയമപ്രകാരമുള്ള രജിസ്‌ട്രേഷനിലൂടെ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്നും ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications