സ്മൃതി ഇറാനിയുടെ ഭാവിയെന്ത്? പ്രമുഖരടക്കമുള്ള സിറ്റിംഗ് എംപിമാര്‍ തെറിക്കും; യുപിയില്‍ ബിജെപി തന്ത്രം ഇങ്ങനെ
ലഖ്‌നൗ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ നിരവധി സിറ്റിംഗ് എം പിമാര്‍ക്ക് ടിക്കറ്റ് കൊടുക്കേണ്ടെന്ന് ബി ജെ പി. പ്രതിപക്ഷ ഐക്യം, സഖ്യകക്ഷികളെ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത, എം പിമാര്‍ക്കെതിരായ വികാരംഎന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ സിറ്റിംഗ് എം പിമാരില്‍ നാലിലൊന്ന് പേര്‍ക്ക് ടിക്കറ്റ് നിഷേധിക്കുന്നത് ബി ജെ പി പരിഗണിക്കുകയാണ്.
പടിഞ്ഞാറന്‍ യുപി, കിഴക്കന്‍ യുപിയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള എം പിമാരെ മാറ്റാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. പ്രായപരിധി 75 കടന്നവരും ജനങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയാത്തവരും മണ്ഡലങ്ങളില്‍ കാര്യക്ഷമമല്ലാത്തവരുമാണ് ലിസ്റ്റിലുള്ളത് എന്നാണ് വിവരം.

2019 ല്‍ പ്രതിപക്ഷത്തെ ഉന്നത നേതാക്കളെ പരാജയപ്പെടുത്തിയവര്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തിലുള്ള എംപിമാരുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സമയമാകുമ്പോള്‍ അത് കേന്ദ്ര നേതൃത്വവുമായി പങ്കിടുമെന്നും ആണ് റിപ്പോര്‍ട്ട്. ലോക്സഭാ സീറ്റ് ലഭിക്കാതെ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുന്ന ഏതാനും എം പിമാര്‍ക്ക് പിന്നീട് രാജ്യസഭാ സീറ്റ് നല്‍കിയേക്കും.
രാജ്നാഥ് സിംഗ് (ലഖ്നൗ), സ്മൃതി ഇറാനി (അമേഠി), മഹേന്ദ്ര നാഥ് പാണ്ഡെ (ചന്ദൗലി), ജനറല്‍ (റിട്ട) വി കെ സിംഗ് (ഗാസിയാബാദ്), സാധ്വി നിരഞ്ജന്‍ ജ്യോതി (ഫത്തേപൂര്‍), സഞ്ജീവ് കുമാര്‍ ബലിയാന്‍ (മുസാഫര്‍നഗര്‍), പങ്കജ് ചൗധരി (മഹാരാജ്ഗഞ്ച്), എസ് പി സിംഗ് ബാഗേല്‍ (ആഗ്ര), ഭാനു പ്രതാപ് സിംഗ് വര്‍മ (ജലൗണ്‍), കൗശല്‍ കിഷോര്‍ (മോഹന്‍ലാല്‍ഗഞ്ച്), അജയ് കുമാര്‍ മിശ്ര തേനി (ഖേരി) എന്നിവരാണ് യു ിയില്‍ നിന്നുള്ള ബിജെപി എംപിമാരില്‍ മന്ത്രിസഭയിലുള്ളത്.
2019 ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ട ശ്രാവസ്തി, ഘാസിപൂര്‍, ഘോസി, ലാല്‍ഗഞ്ച്, മെയിന്‍പുരി എന്നിവയിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ഇനി അവസരം ലഭിച്ചേക്കില്ല. പ്രാദേശിക സാമൂഹിക ഘടകങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളേയും ആശ്രയിച്ചാണ് പുതിയ സ്ഥാനാര്‍ത്ഥികളെ ബിജെപി തിരഞ്ഞെടുക്കുക. എംപിമാരുടെ പ്രകടനം വിലയിരുത്താന്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരില്‍ നിന്ന് ശേഖരിച്ച ഫീഡ്ബാക്ക് പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്.
ജൂണ്‍ മുതല്‍ നടക്കുന്ന മഹാ ജനസമ്പര്‍ക്ക അഭിയാന്‍ എംപിമാരുടെ പങ്കാളിത്തം പരിഗണിക്കുന്ന പ്രധാന പരിപാടിയാണ്. ഓരോ എംപിയെയും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും അവരുടെ എംപി ഫണ്ടില്‍ എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ തലത്തിലാണ് അവര്‍ ചെലവഴിച്ചതെന്നും വിശകലനം ചെയ്തിട്ടുണ്ട് എന്നും ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ മാത്രം വിജയിക്കുമെന്ന കാഴ്ചപ്പാട് ബിജെപി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധ ഘടകത്തെ മറികടക്കാനും വോട്ടര്‍മാര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കാനും പുതുമുഖങ്ങളെ രംഗത്തിറക്കും എന്നും അദ്ദേഹം വ്യക്തമാക്കി.സര്‍വേ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കൂടി പരിഗണിച്ച് കേന്ദ്ര നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് 80 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 2019 ല്‍ 80 ല്‍ 62 സീറ്റും ബി ജെ പിയാണ് നേടിയത്. സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) രണ്ട് സീറ്റും നേടിയിരുന്നു. ബി എസ് പിയും സമാജ്വാദി പാര്‍ട്ടിയും ഒരുമിച്ചാണ് തിരഞ്ഞെടപപ്പില്‍ മത്സരിച്ചത്. ബിഎസ്പി 10 സീറ്റിലും എസ്പി അഞ്ച് സീറ്റിലും വിജയിച്ചു. സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലി സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടുകയായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയേക്കും. അങ്ങനെ വന്നാല്‍ എസ്ബിഎസ്പിക്ക് ഒരു സീറ്റ് നല്‍കും. നിലവിലെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിക്കും അടുത്ത തവണ സീറ്റ് നല്‍കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡിക്കായും ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ യുപിയില്‍ ആര്‍എല്‍ഡിയുമായി സഖ്യമുണ്ടാക്കിയാല്‍ ചില സീറ്റുകളില്‍ ജാട്ട് ഇതര സ്ഥാനാര്‍ത്ഥികളെ ബിജെപി മാറ്റി നിര്‍ത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications