മറ്റ് പാർട്ടികളിൽ നിന്ന് എംപിമാരെ മറുകണ്ടം ചാടിക്കും,ലക്ഷ്യം 400 സീറ്റ്; തന്ത്രം മെനഞ്ഞ് ബിജെപി
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് പരമാവധി സീറ്റുകൾ വിജയിക്കാൻ തന്ത്രം മെനഞ്ഞ് ബിജെപി. ഇക്കുറി 400 സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു പാർട്ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ബി ജെ പി അണിയറയിൽ ഒരുക്കുന്നത്. ജനറൽ സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല നൽകിയിട്ടുള്ളതെന്നു ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ പാർട്ടിയുടെ വിവിധ ജനറൽ സെക്രട്ടറിമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യത്യസ്ത ചുമതലകൾ നൽകിയിട്ടുണ്ട്.ജനറൽ സെക്രട്ടറി വിനോദ് താവ്‍ദെയ്ക്കാണു ജോയിനിങ് കമ്മിറ്റിയുടെ ചുമതല.

'മറ്റ് പാർട്ടികളിൽ നിന്ന് സ്വാധീനമുള്ള നേതാക്കളെയും സിറ്റിംഗ് എം പിമാരെയും ബി ജെ പിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഈ സമിതി പരിശോധിക്കും. മണ്ഡലത്തിലെ ഇവരുടെ സ്വാധീനവും വിജയ സാധ്യതയുമാണ് പ്രധാനമായി പരിഗണിക്കുക', ബി ജെ പിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. തനിച്ച് വിജയിക്കാൻ സാധിക്കില്ലെന്ന് കരുതുന്ന മണ്ഡലങ്ങളിൽ മാത്രമേ ഇത്തരം സാധ്യതകൾ പരിശോധിക്കുകയുള്ളൂവെന്നും നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 160 സീറ്റുകൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും ബി ജെ പിയുടെ നേതൃത്വത്തിൽ സജീവമായിത്തന്നെ നടക്കുന്നുണ്ട്. കഠിനമെന്ന് ബി ജെ പി കണക്കാക്കുന്ന സീറ്റുകളിൽ പകുതിയും ബിഹാറിലാണ്. സമീപ കാലത്ത് ബി ജെ പി വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ട സംസ്ഥാനം കൂടിയാണിത്. അതുകൊണ്ട് തന്നെ നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകിയാണ് പ്രവർത്തനം.
പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത രാജ്യത്തുട നീളമുള്ള 144 മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ, നിയമനിർമ്മാതാക്കൾ, നിയമസഭാംഗങ്ങൾ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർക്ക് ചുമതല നൽകി ബി ജെ പി പ്രവർത്തനം ആരംഭിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മാത്രമാണ് ഇതുവരെ തനിച്ച് 400 സീറ്റുകൾ നേടിയത്. 1984ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം. ഇത്തവണ കോൺഗ്രസിന്റെ ഈ നേട്ടം മറികടക്കുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. 2019 ൽ 303 സീറ്റുകളിലായിരുന്നു ബി ജെ പിയുടെ വിജയം.












Click it and Unblock the Notifications