ലോക്സഭ തിരഞ്ഞെടുപ്പ്; കളിമാറ്റി ബിജെപി..നിയമസഭ തിരഞ്ഞെടുപ്പിലെ 'വിജയതന്ത്രം' പയറ്റും
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിജെപി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അടുത്തിടെ നടന്ന അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചത് ഗുണകരമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹര്യത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്തതെന്ന് ബിജെപി നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ലോക്സഭ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ ബി ജെ പി ഒരുങ്ങുന്നത്. സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചത് എങ്ങനെ ഗുണം ചെയ്തുവെന്നത് സംബന്ധിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷൻമാർ രണ്ടു ദിവസത്തെ ബിജെപി ദേശീയ ഭാരവാഹി യോഗത്തിൽ വിശദീകരിച്ചിരുന്നു. ആദ്യ രണ്ട് സ്ഥാനാർത്ഥി പട്ടികയിലേയും നേതാക്കളിൽ വലിയ പങ്കും വൻ വിജയം സ്വന്തമാക്കിയെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ഇതോടെ ജനവരിയിൽ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. ഫെബ്രുവരിയിലായിരിക്കും ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുക.

'സാഹചര്യം ബി ജെ പിക്ക് അനുകൂലമാണ്. വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ തങ്ങൾക്ക് ഗുണകരമാകും. ചില മുതിർന്ന ശക്തരായ നേതാക്കൾക്കും അവസരം നൽകും. രാജ്യസഭയിൽ നിന്നുള്ള ചിലർക്കും സീറ്റ് നൽകിയേക്കും', പർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ ഏതാനും പ്രമുഖരോടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടേക്കും. നേരത്തേ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിന്നിരുന്ന മധ്യപ്രദേശിൽ എംപിമാരെ തന്നെ കളത്തിലിറക്കിയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രമന്ത്രിയടക്കം ആറോളം എംപിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇവരോട് എം എൽ എമാരായി തുടരാനും എംപി സ്ഥാനം രാജിവെയ്ക്കാനും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇവരിൽ ചിലർ നിലവിൽ മന്ത്രിമാരാണ്.
ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ 375 വരെ സീറ്റുകൾ നേടുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. ഉത്തരേന്ത്യയിൽ ഇക്കുറി നിരവധി സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നാണ് നേതൃൃത്വം ആശങ്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ദക്ഷിണേന്തയ്യിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശം ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്. കർണാടക, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്.












Click it and Unblock the Notifications