ജാതി സെന്‍സസ്, അഗ്നിപഥ് പദ്ധതി റദ്ദാക്കും: വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാർട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പി ചിദംബരം എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ് ടി, ഒബിസി സംവരണം ഉയര്‍ത്തും, അഗ്നിപഥ് പദ്ധതി റദ്ദാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി, പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ, തൊഴിലുറപ്പ് വേതനം ദിവസം 400 രൂപ, സൗജന്യ ചികിത്സ ഉറപ്പാക്കാനായി 25 ലക്ഷം രൂപയുടെ പണരഹിത ഇൻഷുറൻസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌സി-എസ്ടി-ഒബിസി സംവരണം എന്ന് തുടങ്ങിയ സുപ്രധാനമായ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
'യുവ ന്യായ്', 'നാരി ന്യായ്', 'കിസാൻ ന്യായ്', 'ശ്രാമിക് ന്യായ്', 'ഹിസ്സാദാരി ന്യായ്' എന്നിവയുൾപ്പെടെ അഞ്ച് ന്യായ് അല്ലെങ്കിൽ 'നീതിയുടെ അഞ്ച് തൂണുകൾ' എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ടാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍
കേന്ദ്രസർക്കാരിൽ വിവിധ തലങ്ങളിലായി അനുവദിച്ച 30 ലക്ഷത്തോളം ഒഴിവുകൾ നികത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. സാർവത്രിക ആരോഗ്യ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വരെയുള്ള പണരഹിത ഇൻഷുറൻസിൻ്റെ രാജസ്ഥാൻ മോഡൽ പദ്ധതി രാജ്യം മൊത്തം നടപ്പിലാക്കും, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്യുന്ന പ്രകാരം എല്ലാ വർഷവും സർക്കാർ പ്രഖ്യാപിക്കുന്ന എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നൽകും എന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലൂടെ വ്യക്തമാക്കുന്നു.
എല്ലാ പൗരന്മാരെയും പോലെ ന്യൂനപക്ഷങ്ങൾക്കും വസ്ത്രധാരണം, ഭക്ഷണം, ഭാഷ, വ്യക്തിനിയമം എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഉറപ്പാക്കും. വ്യക്തിനിയമങ്ങളുടെ പരിഷ്കരണം പ്രോത്സാഹിപ്പിക്കും. എന്നാല്‍ ബന്ധപ്പെട്ട സമൂഹങ്ങളുടെ പങ്കാളിത്തത്തോടും സമ്മതത്തോടും കൂടി വേണം ഇത്തരം പരിഷ്‌കാരമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കാൻ രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തും, എസ്‌സി, എസ്ടി, ഒബിസി സംവരണത്തിന് 50 ശതമാനം പരിധി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കും. വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, LGBTQIA കമ്മ്യൂണിറ്റിയിൽപ്പെട്ട ദമ്പതികൾക്കിടയിൽ സിവിൽ യൂണിയനുകൾ അംഗീകരിക്കുന്നതിന് നിയമം കൊണ്ടുവരും.
സർക്കാർ പരീക്ഷകൾക്കും സർക്കാർ തസ്തികകൾക്കുമുള്ള അപേക്ഷാ ഫീസ് പൂർണ്ണമായും നിർത്തലാക്കും. വ്യാപകമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ ആശ്വാസ നടപടിയെന്ന നിലയിൽ, 2024 മാർച്ച് 15 വരെ എല്ലാ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പകളുമായി ബന്ധപ്പെട്ട് അടയ്ക്കാത്ത പലിശ ഉൾപ്പെടെയുള്ള തുക എഴുതിത്തള്ളുകയും ബാങ്കുകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുകയും ചെയ്യുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
മുതിർന്ന പൗരന്മാർക്കും വിധവകൾക്കും വികലാംഗർക്കും വേണ്ടിയുള്ള പെൻഷനുകൾക്കുള്ള കേന്ദ്ര ഗവൺമെൻ്റിന്റെ ദേശീയ സാമൂഹിക പെന്‍ഷന്‍ തുക പ്രതിമാസം 1000 രൂപയായി ഉയർത്തും. 2025 മുതൽ കേന്ദ്രസർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യും. സ്‌പോർട്‌സ് ഫെഡറേഷനുകൾ/ബോഡികൾ/അസോസിയേഷനുകൾ എന്നിവയുടെ രജിസ്‌ട്രേഷനായി പ്രത്യേക നിയമനിർമ്മാണം നടത്തും. ഇത് ഒളിമ്പിക് ചാർട്ടർ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും സ്വയംഭരണവും പൂർണ്ണ ഉത്തരവാദിത്തവും അനുവദിക്കുകയും അംഗങ്ങൾക്കും കായികതാരങ്ങൾക്കും വിവേചനം, പക്ഷപാതം, ലൈംഗിക പീഡനം, ദുരുപയോഗം എന്നിവയ്‌ക്കെതിരെ സഹായം നൽകുകയും ചെയ്യും.
അടുത്ത ദശകത്തിൽ 23 കോടി ജനങ്ങളുടെ സമ്പത്ത് മെച്ചപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതാക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. 'ബി ജെ പി സർക്കാർ സമ്പന്നരുടെ സർക്കാരാണ്. ഒരു ശതമാനത്തിന് മുകളിലുള്ളവരുടെ താൽപ്പര്യങ്ങളാൽ മാത്രമാണ് അവർ നയിക്കപ്പെട്ടത്. എന്നാൽ ഞങ്ങൾ താഴെയുള്ള 50 ശതമാനം നോക്കും. താഴെയുള്ള 50 ശതമാനം പ്രധാനമാണ്. ഈ രാജ്യത്ത് 23 കോടി ജനങ്ങൾ ഇപ്പോഴും ദരിദ്രരാണെന്നാണ് കണക്ക്. യുപിഎ 24 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി, 2024 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ 10 വർഷത്തിനുള്ളിൽ 23 കോടി ആളുകളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.' തിരഞ്ഞെടുപ്പ് പ്രകടന പത്രിക അധ്യക്ഷന്‍ കൂടിയായ പി ചിദംബരം പറഞ്ഞു.












Click it and Unblock the Notifications