ആരും പേടിച്ചോടില്ല; അമേഠി, റായ്ബറേലി സസ്പെന്‍സ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്, 'ഖാര്‍ഗെ തീരുമാനിക്കും'
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച സസ്പെന്‍സ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധികാരപ്പെടുത്തിയതായി ജയറാം രമേശ് പറഞ്ഞു.
ആരും എവിടെ നിന്നും പേടിച്ച് ഓടിപ്പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഏറ്റവും പുതിയ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

'അമേഠി ഗാന്ധി കുടുംബത്തെ ആവശ്യപ്പെടുന്നു' എന്ന മുദ്രാവാക്യം മുഴക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചത്. പരമ്പരാഗതമായി ഗാന്ധി കുടുംബമാണ് അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നത്. 2019 ലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ഇത്തവണ വീണ്ടും ഇവിടെ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ വയനാട്ടില്‍ ഇത്തവണ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയെ വീണ്ടും അമേഠിയില്‍ നിന്ന് മത്സരിപ്പിക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2004 മുതല്‍ സോണിയാ ഗാന്ധി കൈവശം വെച്ചിരുന്ന റായ്ബറേലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേരാണ് കേള്‍ക്കുന്നത്.
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചാം ഘട്ടമായ മെയ് 20 നാണ് രണ്ട് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. യു പിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 17 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബാക്കി 63 എണ്ണം ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷിയായ സമാജ്വാദി പാര്‍ട്ടിക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കുമാണ്.
അതേസമയം, തുടര്‍ച്ചയായി രണ്ടാം തവണയും ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയാണോ പ്രിയങ്കാ ഗാന്ധി വധേരയാണോ എതിരാളിയെന്ന ചോദ്യത്തിന് തനിക്ക് അതൊന്നും കാര്യമല്ല എന്നും ആരു വന്നാലും തോല്‍ക്കും എന്നുമായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.












Click it and Unblock the Notifications