യു ടേണ്‍ അടിച്ച് കോണ്‍ഗ്രസ്; 'എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും, ബിജെപിയെ തുറന്നുകാട്ടും'
ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം മാറ്റി കോണ്‍ഗ്രസ്. ഇന്ന് വൈകുന്നേരം ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികള്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് തീരുമാനം.
ഇതോടെ കോണ്‍ഗ്രസ് എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും എന്നത് വ്യക്തമായി. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും എക്സിറ്റ് പോളുകളില്‍ പങ്കെടുക്കില്ലെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ ചര്‍ച്ചകളിലൂടെ ബി ജെ പിയെ തുറന്നുകാട്ടാന്‍ ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു എന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയര്‍പേഴ്സനുമായ പവന്‍ ഖേര പറഞ്ഞു.

എക്സിറ്റ് പോളുകളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ പരിഗണിച്ച ശേഷം എല്ലാ പാര്‍ട്ടികളും ടെലിവിഷനില്‍ നടക്കുന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്ന് സമവായത്തിലൂടെ തീരുമാനത്തില്‍ എത്തിയതായും ഖേര കൂട്ടിച്ചേര്‍ത്തു. നേരത്തെ ടിആര്‍പിക്ക് വേണ്ടിയുള്ള ഊഹാപോഹ കണക്കുകളില്‍ വെച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞെന്നും അവരുടെ വിധി ഉറപ്പായി എന്നുമായിരുന്നു എക്‌സിറ്റ് പോള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് കൊണ്ട് പവന്‍ ഖേര പറഞ്ഞത്. ഏതൊരു സംവാദത്തിന്റെയും ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം എന്നും ജൂണ്‍ 4 മുതല്‍ തങ്ങള്‍ സന്തോഷത്തോടെ സംവാദങ്ങളില്‍ പങ്കെടുക്കും എന്നുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പാര്‍ട്ടിക്കുള്ളിലെ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു ഈ തീരുമാനം.
അതേസമയം എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിന്റെ പരാജയമാണ് പ്രവചിക്കാന്‍ പോകുന്നത് എന്നും അതിനാലാണ് അവര്‍ക്ക് മാധ്യമങ്ങളെ നേരിടാന്‍ കഴിയാത്തത് എന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു.
വോട്ടെടുപ്പിന്റെ തലേന്ന് എക്സിറ്റ് പോളുകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗീകരിച്ചുവെന്നതിന്റെ സ്ഥിരീകരണമാണ് എന്നായിരുന്നു നദ്ദ പറഞ്ഞത്. ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആറ് മണി വരെയാണ് വോട്ടെടുപ്പിന്റെ സമയം.
അത് കഴിഞ്ഞാലുടന്‍ എക്‌സിറ്റ് പോളുകള്‍ പുറത്ത് വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു. ജൂണ്‍ നാലിനാണ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications