മല്ലികാർജ്ജുൻ ഖാർഗെയും യുപിയിൽ നിന്ന് മത്സരിക്കും? ദളിത് വോട്ടുകൾ പെട്ടിയിലാക്കാൻ കോൺഗ്രസ് തന്ത്രം
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ യുപിയിൽ ദളിത് വോട്ടുകളിൽ കണ്ണുനട്ട് കോൺഗ്രസ്. ബി എസ് പിയുടെ സ്വാധീനം നഷ്ടപ്പെട്ടതോടെ ഏതുവിധേനയും ദളിത് വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രമാണ് കോൺഗ്രസ് മെനയുന്നത്. ഇതിൻറെ ഭാഗമായി പാർട്ടി അധ്യക്ഷനും കോൺഗ്രസിന്റെ ദളിത് മുഖവുമായ മല്ലികാർജ്ജുൻ ഖാർഗെയെ ഉത്തർപ്രദേശിലെ സംവരണ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) പിന്തുണയോടെ ഖാർഗെ സംവരണ മണ്ഡലങ്ങളായ ഇറ്റാവയിൽ നിന്നോ ബരാബങ്കിയിൽ നിന്നോ മത്സരിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഖാർഗെ മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ സമാജ്വാദ് പാർട്ടിക്ക് സമീപ മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഖാർഗെ മത്സരിക്കുമോയെന്ന കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും ബി എസ് പി യുടെ ദളിത് വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിക്കുമെന്ന പ്രതീക്ഷയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് റായ് പങ്കുവെച്ചത്. അടുത്തിടെ നടന്ന ഘാസി ഉപതിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ വിജയം ദളിത് വോട്ടുകൾ ബി എസ് പിയിൽ നിന്നും അകന്നുവെന്നതിന്റെ സൂചനയാണെന്നും റായ് വ്യക്തമാക്കി.
ഇക്കുറി ഉത്തർപ്രദേശിൽ പോരാട്ടം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി പോരിനിറങ്ങുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത് ഇതിന്റെ കൂടി ഭാഗമായിട്ടാണ്. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമായിരുന്നു രാഹുൽ മത്സരിച്ചത്. എന്നാൽ രണ്ടാം മണ്ഡലം തേടി പോയ രാഹുലിന്റെ നടപടി കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു.ബി ജെ പിയെ ഭയന്നോടിയെന്ന നിലയ്ക്കാണ് വിമർശനങ്ങൾ ഉയർന്നത്.
ഇത്തവണ ബിജെപിക്കെതിരെ നേർക്ക് നേർ പോരാടാൻ രാഹുൽ അമേഠിയിൽ എത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മാത്രമല്ല പ്രിയങ്ക ഗാന്ധിയേയും യു പിയിൽ നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. വാരണാസിയിൽ നിന്നും നരേന്ദ്ര മോദിക്കെതിരെ മത്സരിപ്പിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ പ്രിയങ്കയുടെ കന്നിയങ്കം വാരണാസിയിൽ നിന്നല്ല മറിച്ച് കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായ റായ്ബറേലിയിൽ നിന്നായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ പ്രശ്നങ്ങളാൽ സോണിയ ഗാന്ധി ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ സോണിയയ്ക്ക് പകരം പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നാണ് വിവരം. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ കൈയ്യിലുള്ള ഏക ലോക്സഭ മണ്ഡലം കൂടിയാണ് റായ്ബറേലി.












Click it and Unblock the Notifications