ജെഡിഎസിനെ ഇന്ത്യ സഖ്യത്തിൽ ചേർക്കാൻ നിതീഷ് കുമാർ ശ്രമിച്ചിരുന്നു, വെളിപ്പെടുത്തി ദേവഗൗഡ
ജെഡിഎസിനെ ജെഡിയുവിൽ ലയിപ്പിച്ച് 'ഇന്ത്യ' സഖ്യത്തിൽ ചേർക്കാൻ നിതീഷ് കുമാർ ശ്രമിച്ചിരുന്നുവെന്ന് മുതിർന്ന നേതാവും എം പിയുമായ എച്ച് ഡി ദേവഗൗഡ. എൻഡിഎയിൽ ജെഡിഎസ് ഭാഗമായതിന് പിന്നാലെയാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെഡിഎസ് നീക്കം.
മറ്റു ജനതാദൾ പാർട്ടികളെയും ഉൾപ്പെടുത്തി ജനത ഫ്രീഡം ഫ്രണ്ട് രൂപീകരിക്കാനുളള നിർദേശവുമായി നാല് മാസം മുൻപേ തന്നെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് 91 വയസ്സായി. ഈ പ്രായത്തിൽ ഇനി പരീക്ഷണങ്ങൾക്കൊന്നും ഒരുക്കമല്ല. ഇനി ദേശീയ പദവികളിലേക്കൊന്നും തനിക്ക് താല്പര്യമില്ലെന്നും കോൺഗ്രസ് നേരത്തെ തന്നെ കൈവിട്ടത് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു.

മൂന്നോ നാലോ മാസം മുൻപ് നിതീഷ് കുമാർ ചർച്ചയ്ക്കായി വന്ന് കണ്ടിരുന്നു. ജെ ഡി എസ് -ജെ ഡി യു -സമാജ്വാധി പാർട്ടികളെ മുൻനിർത്തി ജനത ഫ്രീഡം ഫ്രണ്ട് രൂപീകരണമായിരുന്നു ലക്ഷ്യം. എന്നെ അനുനയിപ്പിക്കുന്നതിനായി നിതീഷ് കുമാർ തന്റെ പാർട്ടി അധ്യക്ഷനെയും മറ്റു മുതിർന്ന നേതാക്കളെയും അയച്ചു. മറ്റു പാർട്ടികളെ കൂട്ടി നിങ്ങൾക്ക് സഖ്യവുമായി മുന്നോട്ട് പോകാമെന്നും താനും തന്റെ പാർട്ടിയും ഒരുക്കമല്ലെന്നുമുളള മറുപടിയാണ് പറഞ്ഞതെന്നും ദേവാഗൗഡ കൂട്ടിച്ചേർത്തു.
ജെഡിഎസിനെ ഇന്ത്യ സഖ്യത്തിൽ ചേർക്കാനുളള ശ്രമം പരാജയപ്പെടാനുളള കാരണം കോൺഗ്രസിന്റെ താൽപര്യമില്ലായ്മ ആണെന്ന് ദേവാഗൗഡ സൂചിപ്പിച്ചു. കോൺഗ്രസ് ഇക്കാര്യത്തിൽ തങ്ങളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. കർണാടകത്തിൽ ജെഡിഎസിനെ ഇല്ലാതാക്കും എന്നാണ് കോൺഗ്രസ് കരുതുന്നത്. ഇന്ത്യ സഖ്യത്തിലേക്ക് ജെഡിഎസ് വന്നാൽ താൻ വിട്ട് നിൽക്കും എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കോൺഗ്രസ് എംപി രാഹുൽഗാന്ധി 2018 ൽ നടത്തിയ ജെഡിഎസ് ബി ജെ പിയുടെ ബി ടീമാണ് എന്ന പരിഹാസം കഴിഞ്ഞ ആഴ്ച കൂടി ആവർത്തിച്ചുവെന്നും ദേവഗൗഡ വിമർശിച്ചു.
2018 ലെ പൊതു തെരഞ്ഞെടുപ്പിൽ ജെ ഡി എസും കോൺഗ്രസും കൂടിച്ചേർന്നാണ് കർണാടകയിൽ സർക്കാർ രൂപീകരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എച്ച് ഡി ദേവഗൗഡയുടെ മകൻ കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രി പദവി കിട്ടിയെങ്കിലും എം എൽ എമാർ ബി ജെ പിയേക്ക് പോയതിനെത്തുടർന്ന് സർക്കാർ വീണു. എന്നാൽ ജെ ഡി എസ് കഴിഞ്ഞ മാസം ബി ജെ പിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ ചേർന്നതോടെ കർണാടകയിലെ രാഷ്ട്രീയ സ്ഥിതിയാകെ മാറിമറിയുകയാണ്.












Click it and Unblock the Notifications