'മോദി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ?'; ട്രോളി ശശി തരൂര്‍
ന്യൂഡല്‍ഹി: തന്നെ ദൈവമാണ് ഭൂമിയിലേക്ക് അയച്ചത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം എന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ എന്നും തരൂര്‍ ചോദിച്ചു.
ഒരു ദിവ്യന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ എന്നും തരൂര്‍ ആരാഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ചില ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നും മോദി അവകാശപ്പെട്ടിരുന്നു.

ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എവിടെ നിന്നാണ് ഇത്രയും ഊര്‍ജം ലഭിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെ ആയിരുന്നു മോദിയുടെ വിചിത്ര ഉത്തരം. ജൈവികമായ ഒരു ശരീരത്തിന് ഇത്രയും ഊര്‍ജമുണ്ടാകില്ല എന്നും ദൈവീകമായ ഊര്‍ജമാണ് തന്നിലുള്ളത് എന്നുമായിരുന്നു മോദി പറഞ്ഞത്. തന്റെ അമ്മ ജീവിച്ചിരുന്നിടത്തോളം കാലം തന്റെ ജനനം ജൈവികമാണെന്ന് കരുതിയിരുന്നു.
എന്നാല്‍ അമ്മയുടെ മരണത്തോടെയാണ് ദൈവം അയച്ച ആളാണ് താനെന്ന് ബോധ്യപ്പെട്ടത് എന്നുമായിരുന്നു മോദി പറഞ്ഞത്. കഴിഞ്ഞ ദിവസം എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തിലും ഇതേ വാദം മോദി ആവര്‍ത്തിച്ചിരുന്നു. അതേസമയം ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കും എന്ന ഭയം ചിലരെ പിടികൂടിയിട്ടുണ്ട് എന്നും അതിനാലാണ് ബി ജെ പി നേതാക്കള്‍ അര്‍ഥമില്ലാത്ത തരത്തില്‍ സംസാരിക്കുന്നത് എന്നുമായിരുന്നു മമതയുടെ പ്രതികരണം. ദൈവം ആരെയെങ്കിലും കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ അയയ്ക്കുമോ എന്ന് മമത ചോദിച്ചു.
'സിഎഎയുടെ പേരില്‍ ഗുണ്ടായിസം സ്പോണ്‍സര്‍ ചെയ്യാനോ 100 ദിവസത്തെ ജോലിക്കുള്ള ഫണ്ട് തടയാനോ ഗ്രാമീണ വീടുകള്‍ നിര്‍മ്മിക്കുന്നത് തടയാനോ ദൈവം തന്റെ ദൂതനെ അയയ്ക്കുമോ? ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് ദൈവം പിന്മാറുമോ? ദൈവത്തിന് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല' എന്നായിരുന്നു മമത പറഞ്ഞത്.












Click it and Unblock the Notifications