'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണി'; വിമര്‍ശിച്ച് 'ഇന്ത്യ'
മുംബൈ: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുമെന്ന് പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്). മുംബൈയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മൂന്നാം ഘട്ട യോഗത്തിലാണ് കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. 28 പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ദിവസത്തെ യോഗം മുംബൈയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാറ്റില്‍ ആണ് നടക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ കേന്ദ്ര നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വരാനും തിരഞ്ഞെടുപ്പ് പദ്ധതികള്‍ക്ക് ശരിയായ രൂപം നല്‍കുന്നതിന് ഏകോപന പാനല്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അതേസമയം സഖ്യത്തിന്റെ ലോഗോ പ്രകാശനം വെള്ളിയാഴ്ചയുണ്ടാകില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. 'ലോഗോ സഖ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്.

ഇത് ഞങ്ങളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും എന്നാല്‍ ഇന്ന് അനാച്ഛാദനം ചെയ്യില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏകോപന സമിതിയുടെ ഭാഗമാകാന്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളോട് അതാത് പാര്‍ട്ടികളില്‍ നിന്ന് ഒരു പേര് നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ടിനകം പ്രകടനപത്രിക പുറത്തിറക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അടുത്ത മാസത്തോടെ അന്തിമമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സി പി ഐ ജനറല്‍ ഡി രാജ ആഞ്ഞടിച്ചു. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയാറുള്ളത്.
എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ സര്‍ക്കാരിന് എങ്ങനെയാണ് ഇത്തരമൊരു കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാനാവുക എന്ന് രാജ ചോദിച്ചു. രാജ്യം ഒന്നാണെന്നും ആരും അതിനെ ചോദ്യം ചെയ്യുന്നില്ലെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നല്ല, ന്യായമായ തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
ഈ നീക്കം ന്യായമായ തിരഞ്ഞെടുപ്പ് എന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ചൈനയുടെ ആക്രമണം എന്നിവ അഭിമുഖീകരിക്കുകയാണെന്നും പ്രത്യേക സമ്മേളനം ഈ പ്രശ്നങ്ങളെല്ലാം ആണ് പരിഗണിക്കേണ്ടത് എന്നും ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാര്‍ലമെന്റ് സമ്മേളനമെങ്കില്‍ അത് ബിജെപിയുടെ പരിഭ്രാന്തിയാണ് കാണിക്കുന്നത് എന്നും അവര്‍ പറഞ്ഞു. പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ, വനിതാ സംവരണം എന്നിവയില്‍ എപ്പോഴാണ് ഒരു കമ്മിറ്റി രൂപീകരിക്കുക എന്നും പ്രിയങ്ക ചോദിച്ചു. നേരത്തെ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്നതിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള കമ്മിറ്റിയുടെ തലവനായി കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു.
മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ്, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇവരെ കൂടാതെ പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാഡ, സിപിഐ (എംഎല്‍) നേതാവ് ദീപങ്കര്‍ ഭട്ടാചാര്യ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി എന്നിവരും പങ്കെടുക്കുന്നു.












Click it and Unblock the Notifications