'ഇന്ത്യ സഖ്യത്തിന്റെ '40 കള്ളന്മാരെ' ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ പോരാളി'; വിജയത്തിന് പിന്നാലെ കങ്കണ
ഡൽഹി: ഇന്ത്യ സഖ്യത്തെ പരിഹസിച്ച് കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെയാണ് പരിഹാസം. പ്രധാനമന്ത്രിയുടെ വിജയത്തെക്കുറിച്ചും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യ സഖ്യത്തെക്കുറിച്ചുള്ള ഒരു കാർട്ടൂൺ പങ്കുവെച്ചുകൊണ്ട് കങ്കണ അവരെ മോദി ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ '40 കള്ളന്മാർ എന്ന് വിളിച്ചു. ഒറ്റയ്ക്കൊരു പോരാളി അവരെയെല്ലാം തോൽപ്പിക്കുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഒരു മനുഷ്യനും 40 കള്ളന്മാരും തമ്മിലുള്ള പോരാട്ടമാണ് എന്നാണ കങ്കണ കുറിച്ചത്.
ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് ആണ് കങ്കണ റണാവത്ത് വിജയിച്ചത്. തൻ്റെ എതിരാളിയായ കോൺഗ്രസിൻ്റെ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകൾക്ക് ആണ് താരം പരാജയപ്പെടുത്തിയത്. ബി ജെ പിക്ക് വേണ്ടി ആദ്യമായി മത്സരിച്ച കങ്കണ റണാവത്ത്, തൻ്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 537022 വോട്ടുകൾ നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പറയുന്നു.

മണിക്കൂറുകൾക്ക് മുമ്പ്, നാല് തവണ ദേശീയ അവാർഡ് ജേതാവ് തൻ്റെ വരാനിരിക്കുന്ന വിജയത്തിന് തൻ്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടിരുന്നു. "ഈ സ്നേഹത്തിനും വിശ്വാസത്തിനും മാണ്ഡിയിലെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി... ഈ വിജയം നിങ്ങൾ എല്ലാവരുടേതുമാണ്, ഇത് പ്രധാനമന്ത്രി മോദിയിലും ബി ജെ പിയിലും നിങ്ങൾക്കുള്ള വിശ്വാസത്തിൻ്റെ വിജയമാണ്" കങ്കണ പറഞ്ഞു. അതേ സമയം നേരത്തെ വിക്രമാദിത്യ സിങ്ങിനെയും കങ്കണ പരിഹസിച്ചിരുന്നു. ബാഗ് എടുത്ത് പോകേണ്ടി വരുമെന്നാണ് പറഞ്ഞത്.
അതേ സമയം രാജ്യത്തെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻ ഡി എയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ അഭൂതപൂർവമായ നിമിഷമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് അദ്ദേഹം പ്രതികരിച്ചത്. ഈ സ്നേഹത്തിനും അനുഗ്രഹത്തിനും താൻ നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പുതിയ തീരുമാനങ്ങളുമായി തങ്ങൾ മുന്നോട്ട് പോകുമെന്ന് താൻ ഉറപ്പ് നൽകുന്നുവെന്ന് മോദി പറഞ്ഞു. അർണപ്പണ ബോധത്തിനും അക്ഷീണമായ പ്രയത്നത്തിനും എല്ലാ പ്രവർത്തകർക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായു അദ്ദേഹം പറയുന്നു.












Click it and Unblock the Notifications