കനയ്യ തീപ്പൊരിയാകുമോ? ബന്‍സൂരി ന്യൂഡല്‍ഹി നിലനിർത്തുമോ? ഇന്നത്തെ ശ്രദ്ധേയ പോരാട്ടങ്ങള്‍
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളായ ഛണ്ഡീഗണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലേതുമടക്കം 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡൻ്റ് കനയ്യ കുമാർ , മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി, നടനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരി തുടങ്ങിയ നിരവധി പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഛണ്ഡീഗണ്ഡിനും ഡല്‍ഹിക്കും പുറമെ ബീഹാർ, ജാർഖണ്ഡ്, ജമ്മു കശ്മീർ, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ഒഡീഷ സംസ്ഥാന നിയമസഭയിലേക്കുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. 58 മണ്ഡലങ്ങളിലെ 1.14 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 11.13 കോടി വോട്ടർമാരാണുള്ളത്.

ശ്രദ്ധേയ പോരാട്ടങ്ങള്‍
നോർത്ത് ഈസ്റ്റ് ഡല്‍ഹി
ബിജെപിയുടെ സിറ്റിങ് എംപിയും നടനുമായ മനോജ് തിവാരിക്കെതിരേയാണ് കനയ്യ കുമാറിന്റെ പോരാട്ടം. ആറാം ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരവും ഇത് തന്നെ. ജെഎൻയുവിലെ തിളങ്ങിയ കനയ്യ കുമാറിന് മനോജ് തിവാരിയെ അട്ടിമറിക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. എഎപി സഖ്യവും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. അതേസമയം കനയ്യകുമാറിന് ടിക്കറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മണ്ഡലത്തില്‍ മനോജ് തിവാരിക്കുള്ള സ്വാധീനമാണ് ബിജെപിയുടെ ആത്മവിശ്വാസം.
പുരി
ഒഡീഷയിലെ പുരിയിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെഡിയുടെ അരൂപ് പട്‌നായിക്ക്, കോൺഗ്രസിൻ്റെ ജയ് നാരായൺ പട്‌നായിക്ക്, ബിജെപി വക്താവ് സംബിത് പത്ര എന്നിവരാണ് സ്ഥാനാർത്ഥികള്‍. മുൻ മുംബൈ പോലീസ് കമ്മീഷണറായ അരൂപ് പട്‌നായിക് 2019 ൽ ഭുവനേശ്വറിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും, ബിജെപിയുടെ അപരാജിത സാരംഗിയോട് പരാജയപ്പെട്ടു. 1998 ന് ശേഷം ബിജെഡി മാത്രം വിജയിച്ച് വരുന്ന മണ്ഡലമാണ് പുരിയെങ്കിലും കഴിഞ്ഞ തവണത്തെ വിജയം കേവല് 11000 വോട്ടിനായിരുന്നു. ബിജെപിയായിരുന്നു രണ്ടാമത്.
കർണാല്‍
കർഷകരുടെ പ്രതിഷേധം എത്രത്തോളം ബിജെപിയെ ബാധിക്കും എന്നതിന്റെ വിധിയെഴുത്താവും കർണാലിലെ തിരഞ്ഞെടുപ്പ് വിധി. മുതിർന്ന നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടറാണ് ഇവിടെ മത്സരിക്കുന്നത്. ദിവ്യാൻഷു ബുദ്ധിരാജയെന്ന ജനകീയ നേതാവിനെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്. 2014 മുതല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് കൂടിയാണ് കർണാല്‍.
ന്യൂഡൽഹി
മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജിനെയാണ് സീറ്റ് നിലനിർത്താനായി ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. 2019ൽ 2.5 ലക്ഷം വോട്ടിന്റെ വലിയ വിജയം നേടിയ മീനാക്ഷി ലേഖിയെ ഒഴിവാക്കിക്കൊണ്ടാണ് ബൻസുരി സ്വരാജിന് ബിജെപി അവസരം നല്‍കിയത്. മുതിർന്ന നേതാവായ സോമനാഥ് ഭാരതിയാണ് എഎപി സ്ഥാനാർത്ഥി.
സംബൽപൂർ
ഒഡീഷയിലെ സംബൽപൂരിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ബിജെഡി സംഘടനാ സെക്രട്ടറിയും നവീന് പട്നായിക്കിന്റെ വിശ്വസ്തനുമായ പ്രണബ് പ്രകാശ് ദാസും തമ്മിലാണ് പോരാട്ടം. 2019-ൽ ബിജെപി വിജയിച്ച മണ്ഡലമാണ് ഇതെങ്കിലും 9000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ലഭിച്ചത്. 2014ൽ ബിജെഡിയും 2009ൽ കോണ്‍ഗ്രസും വിജയിച്ച മണ്ഡലം കൂടിയാണ് സംബല്‍പൂർ












Click it and Unblock the Notifications