Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖ്യകക്ഷികൾ തുണക്കുമോ? കൂട്ടിയും കിഴിച്ചും ബിജെപി..ഈ സംസ്ഥാനങ്ങൾ നിർണായകം

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വിധിയറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. ജൂൺ 4 നാണ് ഫല പ്രഖ്യാപനം. ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഇത്തവണ വോട്ടെടുപ്പ്. ഇക്കുറി 400 ന് മുകളിൽ സീറ്റ് നേടി വിജയിക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം. രാജ്യത്താകെ 430 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്.

കൂറ്റൻ വിജയം സ്വപ്നം കാണുന്ന ബിജെപിയെ സംബന്ധിച്ച് സഖ്യകക്ഷികളുടെ പ്രകടനവും തിരഞ്ഞെടുപ്പിൽ നിർണായകമാണ്. വേരുറപ്പിക്കാനാകാത്ത ദക്ഷിണേന്ത്യയിലടക്കം സഖ്യകക്ഷികളിൽ വലിയ പ്രതീക്ഷയാണ് ബിജെപി പുലർത്തുന്നത്. എൻഡിഎയുടെ സഖ്യകക്ഷികളേയും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യവും പരിശോധിക്കാം

modi1-17

ആന്ധ്രപ്രദേശ്

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായും പവൻ കല്ല്യാണിന്റെ ജനസേന പാർട്ടിയുമായും സഖ്യത്തിലാണ് ബിജെപി ആന്ധ്രയിൽ മത്സരിക്കുന്നത്. ടിഡിപിയുമായി സഖ്യത്തില്‍ മത്സരിച്ച 2014 ല്‍ ആന്ധ്രയില്‍ നാല് നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭ സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. 2018 ൽ ടിഡിപി എൻഡിഎ സഖ്യം വിട്ടു. ഇതോടെ 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് മത്സരിക്കേണ്ടി വന്നു. അന്ന് ബിജെപിക്ക് സംസ്ഥാനത്ത് നിലംതൊടാനായില്ല. വെറും ഒരു ശതമാനം വോട്ട് മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ആകെയുള്ള 25 ല്‍ 22 സീറ്റിലും ജഗന്‍മോഹന്‍റെ വൈഎസ്ആർ കോൺഗ്രസ് വിജയിച്ചു. ടിഡിപി 3 സീറ്റിലും. ഇത്തവണ എന്‍ഡിഎ സഖ്യത്തില്‍ ടിഡിപി 17 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബിജെപി 6 സീറ്റിലും ജനസേന പാർട്ടി രണ്ട് സീറ്റിലും മത്സരിക്കുന്നു. സഖ്യം ഗുണം ചെയ്യുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 18 സീറ്റുകൾ വരെ ആന്ധ്രയിൽ ലഭിച്ചേക്കാമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ.

കർണാടക

ദക്ഷിണേന്ത്യയിൽ ബിജെപി നൂറ് ശതമാനം പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഇടത്തും ബിജെപി ജയിച്ചിരുന്നു. രണ്ട് സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ജെഡിഎസും വിജയിച്ചു. ഇക്കുറി ജെഡിഎസുമായി സഖ്യത്തിലാണ് ഇവിടെ ബിജെപി മത്സരിക്കുന്നത്. 25 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. മൂന്നിടത്ത് ജെഡിഎസും.

mo-1

കേരളം

ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ബിഡിജെഎസുമായി സഖ്യത്തിലാണ് മത്സരം. ബിജെപി 14 സീറ്റിലും ബിഡിജെഎസ് 4 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. സുരേഷ് ഗോപിയിലൂടെ തൃശൂരും രാജീവ് ചന്ദ്രശേഖറിലൂടെ തിരുവനന്തപുരവും നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷ പുലർത്തുന്നത്..

തമിഴ്നാട്

ബിജെപിയെ സംബന്ധിച്ച് കേരളം പോലെ തന്നെ ബാലികേറാമലയാണ് തമിഴ്നാട്. കഴിഞ്ഞതവണ എഐഎഡിഎംകെയുമായി സഖ്യത്തിലായിരുന്നു ബിജെപി ഇവിടെ മത്സരിച്ചത്. എന്നാൽ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇത്തവണ ഇരുപാർട്ടികളും തമ്മിൽ സഖ്യമില്ല. പകരം തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ) [ടിഎംസി (എം)], പക്കാളി മക്കൾ പാർട്ടി (പിഎംകെ), അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക പാർട്ടികളുമായാണ് ബിജെപിക്ക് സഖ്യമള്ളത്. ഇന്ത്യൻ മക്കൾ കൽവി മുന്നേറ്റ കഴകം, പുതിയ നീതി കക്ഷി, തമിഴക മക്കൾ മുന്നേറ്റ കഴകം എന്നീ പാർട്ടികളും താമര ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

യുപി

രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുള്ള സംസ്ഥാനമാണ് യുപി. അപ്‌നാദള്‍ (എസ്), ആര്‍എല്‍ഡി, നിഷാദ് പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ജെഡിയു എന്നീ പാർട്ടികളാണ് ബിജെപിക്കൊപ്പം എൻഡിഎ സഖ്യത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62 സീറ്റുകളാണ് ബിജെപി നേടിയത്. എൻഡിഎയ്ക്ക് 71 ഇടത്ത് വിജയിക്കാനായിരുന്നു.

മഹാരാഷ്ട്ര

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകൾ ഉളള സംസ്ഥാനമായ മഹാരാഷ്ട്രയിലും ബിജെപി വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. ഇവിടെ ശിവസേന (ഷിൻഡെ) യ്ക്കും അജിത് പവാറിന്റെ എൻസിപിക്കുമൊപ്പമാണ് ബിജെപി മത്സരിക്കുന്നത്. ബിജെപി 28 സീറ്റിലും ശിവസേന 15 ഇടത്തും എൻസിപി നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനാണ് പിന്തുണ. 2019 ൽ ബിജെപിയും പിളർപ്പന് മുൻപുള്ള ശിവസേനയും സഖ്യത്തിലാണ് മത്സരിച്ചത്. അന്ന് ബിജെപിക്ക് 23 സീറ്റും ശിവസേനയ്ക്ക് 18 സീറ്റുമാണ് ലഭിച്ചത്. യുപിഎയ്ക്ക് അഞ്ച് സീറ്റിലാണ് വിജയിക്കാനായത്. എൻസിപിയിലേയും ശിവസേനയിലേയും പിളർപ്പ് ബിജെപിയെ എങ്ങനെ തുണയ്ക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

india

ബിഹാർ

40 സീറ്റുള്ള ബിഹാറിൽ ജെഡിയു എൻഡിഎയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഇറങ്ങുന്നത്. 40 സീറ്റുകളാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി എന്നിവർ സഖ്യത്തിലാണ് മത്സരിച്ചത്. ബിജെപി 17 ഉം ജെഡിയു 16 ഉം എല്‍ജെപിക്ക് 6 സീറ്റും ലഭിച്ചു. പിന്നീട് ജെഡിയു ബിജെപിയെ തള്ളി ആർജെഡിക്ക് കൈകൊടുത്തു. എന്നാൽ 400 സീറ്റ് ലക്ഷ്യം വെച്ച് ഇറങ്ങിയ ബിജെപിക്ക് തിരഞ്ഞെടുപ്പ് അടുക്കവെ ജെഡിയെ മറുകണ്ടം ചാടിക്കാനായി. ഈ സാഹചര്യത്തിൽ ഇത്തവണയും കൂറ്റൻ വിജയമാണ് ബിജെപി ബിഹാറിൽ പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയില്‍ ബിജെപി 17 സീറ്റിലും ജെഡിയും 16 സീറ്റിലും എൽജെപി 5 സീറ്റിലുമാണ് മത്സരിക്കുന്നത്. എച്ച്എഎം, ആർഎൽഎം പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.

അസം

അസമിൽ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), അസം ഗണ പരിഷത്ത് (എജിപി) എന്നിവരുമായി ഇക്കുറിയും സഖ്യത്തിൽ തന്നെയാണ് ബിജെപി പോരാടുന്നത്.സംസ്ഥാനത്ത് ആകെ 14 സീറ്റുകളാണ് ഉള്ളത്. ഇതിൽ 13 ഉം നേടുമെന്നാണ് ബിജെപി അവകാശവാദം. കഴിഞ്ഞ തവണ ബിജെപിക്ക് 9 സീറ്റാണ് സംസ്ഥാനത്ത് നേടാനായത്. കോൺഗ്രസ് 3, എഐയുഡിഎഫ് 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു സീറ്റ്. മണ്ഡല പുനർനിർണയത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ഫലം പ്രവചനാതീതമാണ്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

നാഗാലാന്റിൽ എൻഡിപിപി, മേഘാലയയിൽ എൻപിപി, മണിപ്പൂരിൽ എൻപിഎഫ് എന്നീ പാർട്ടികളുമായാണ് ബിജെപിക്ക് സഖ്യം

ലക്ഷദ്വീപ്

ലക്ഷദ്വീപിൽ എൻസിപിയെ ആണ് ബിജെപി പിന്തുണയ്ക്കുന്നത്. ഇവിടെ ടിപി യൂസഫ് ആണ് എൻഡിഎ സ്ഥാനാർത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+