വാരണാസിയിൽ മോദിയെ പൂട്ടാൻ തന്ത്രം പറഞ്ഞ് മമത ബാനർജി; മത്സരിക്കേണ്ടത് ഈ നേതാവ്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന നിർദ്ദേശവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇന്ത്യ സംഖ്യത്തിന്റെ നാലാം യോഗത്തിലാണ് മോദിക്കെതിരെ മമത പ്രിയങ്കയുടെ പേര് നിർദ്ദേശിച്ചത്. ഈ ഡിസംബർ 31 നകം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കണമെന്ന ആവശ്യവും യോഗത്തിൽ മമത മുന്നോട്ട് വെച്ചു.
ഇതാദ്യമായല്ല പ്രിയങ്ക ഗാന്ധി വാരണാസിയിൽ ഇക്കുറി മത്സരിക്കണമെന്ന ആവശ്യം ഇന്ത്യ സഖ്യത്തിലെ നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നത്. ശിവസേന നേതാക്കളായ പ്രിയങ്ക ചതുർവേദി, സഞ്ജയ് റാവത്ത് തുടങ്ങിയവരാണ് മുൻപ് ഇതേ ഈവശ്യം ഉന്നയിച്ചത്. യുപിയിൽ പ്രിയങ്കയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും വാരണാസിയിൽ മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രിയങ്ക മോദിക്കെതിരെ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അതിനോട് ഹൈക്കമാന്റ് പ്രതികരിച്ചിട്ടില്ല. ഇത്തവണയും പ്രിയങ്കയെ നേതൃത്വം മത്സരിപ്പിക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായാലൽ അത് ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ നിന്ന് തന്നെയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുപക്ഷേ അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നാകാൻ ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ സോണിയ ഗാന്ധി ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ പ്രിയങ്കയെ റായ്ബറേലിയിൽ മത്സരിപ്പിച്ചേക്കും. പ്രിയങ്കയ്ക്ക് വേണ്ടി ദക്ഷിണേന്ത്യയിൽ ഏതെങ്കിലും സുരക്ഷിത മണ്ഡലം നേതൃത്വം തേടുന്നുണ്ടോയെന്നും വ്യക്തമല്ല. കർണാടകയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ അവരെ മത്സരിപ്പിക്കണമെന്ന ആവശ്യം അവിടുത്തെ പാർട്ടി നേതാക്കൾ ഉയർത്തിയിട്ടുണ്ട്.
അതേസമയം രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്. അദ്ദേഹം ഇക്കുറിയും വയനാട്ടിൽ നിന്നും അമേഠിയിൽ നിന്നും മത്സരിക്കുമോയെന്ന ആകാംക്ഷയാണ് ഉയരുന്നത്. രാഹുൽ ഈ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കരുതെന്നും അത് ബി ജെ പിയെ ഭയന്നോടുന്നുവെന്ന പ്രചരണം കൂടുതൽ ശക്തമാകാൻ കാരണമാകുമെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പിയോട് നേർക്ക് നേർ പോരാടാൻ അദ്ദേഹം അമേഠിയിൽ മത്സരിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഹുൽ ഗാന്ധിയോ ഹൈക്കമാന്റോ ഇതിനോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications