ബിജെപി കേന്ദ്രമന്ത്രി സ്ഥാനം ഓഫര്‍ ചെയ്‌തെന്ന് ശ്രേയാംസ് കുമാര്‍; 'ഒരിക്കലും ബിജെപിയിലേക്കില്ല'
സുല്‍ത്താന്‍ബത്തേരി: ബി ജെ പി തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. എന്നാല്‍ രാജ്യത്തെ മുഴുവനാളുകളും പോയാലും താന്‍ ബി ജെ പിയില്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന ക്യാംപ് മുത്തങ്ങയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേയാംസ് കുമാര്‍.
കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് എം വി ശ്രേയാംസ് കുമാറും കൂട്ടരും ബി ജെ പിയിലേക്ക് പോകുന്നു എന്ന് ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചാരണം നടക്കുന്നുണ്ട് എന്നും എന്നാല്‍ അഞ്ച് തലമുറയായി തങ്ങള്‍ അങ്ങനെയൊരു രാഷ്ട്രീയം കളിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.

ഒരു മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഏതെങ്കിലും ഒരു മതത്തിന് വേണ്ടിമാത്രം നിലകൊള്ളുക എന്നത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടമാണ്. വൈകാരിക പ്രശ്‌നങ്ങള്‍ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് ബി ജെ പിയുടെ രീതി എന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിന് മുമ്പ് കോടിക്കണക്കിന് കുടുംബങ്ങളെ അയോധ്യയില്‍ എത്തിക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട് എന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
രാമക്ഷേത്രം അയോധ്യയില്‍ വന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 80 ശതമാനം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ളതാണ് അത് എന്നും വളരെ സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടാണുള്ളത് എന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ വേണ്ടത്ര ദൃഢതയില്ല എന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു. ബിഹാറിലും യു പിയിലും കോണ്‍ഗ്രസല്ല സോഷ്യലിസ്റ്റ് ശക്തികളാണ് രണ്ടാം സ്ഥാനത്ത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനതാ പാര്‍ട്ടിയായി മാറിയപ്പോള്‍ അതില്‍ ഉണ്ടായിരുന്നവരാണ് വിവിധ സംസ്ഥാനങ്ങളില്‍ നേതൃനിരയിലുള്ളത് എന്നും അവരെയൊക്കെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വലിയ ശക്തിയായി മാറും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തില്‍ സീറ്റ് ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ബി ജെ പി നടത്തി വരികയാണ് എന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി രണ്ട് തവണ തൃശൂരില്‍ എത്തിയത് ഇതിന്റെ സൂചനകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താല്‍ അതു തൃശൂരിലാകാന്‍ സാധ്യതയുണ്ടെന്ന് തന്നോട് ടി എന്‍ പ്രതാപന്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണം. പുതിയ തലമുറയെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കണം.
അതിന് കൃത്യമായ പ്രവര്‍ത്തനപദ്ധതിക്ക് ആര്‍ വൈ ജെ ഡി രൂപം നല്‍കണം എന്നും വളരെ ക്രിയാത്മകമായി ചിന്തിക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു. പാരിസ്ഥിതിക വിഷയങ്ങള്‍, സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അതിലൊക്കെ നിലപാടെടുക്കണം എന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications