'നഷ്ടപ്പെട്ട ആ ഒരു സീറ്റും ഇക്കുറി പിടിച്ചെടുക്കും', ബീഹാറിൽ ആത്മവിശ്വാസമുയർത്തി മോദി
പാറ്റ്‌ന: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച നേട്ടം ഇക്കുറി എന്‍ഡിഎയ്ക്ക് ബീഹാറിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാറ്റ്‌നയില്‍ എന്‍ഡിഎ സഖ്യകക്ഷിയും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനൊപ്പം നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് എന്‍ഡിടിവിയോട് മോദിയുടെ പ്രതികരണം. കഴിഞ്ഞ വട്ടം എന്‍ഡിഎയ്ക്ക് സംസ്ഥാനത്ത് നഷ്ടപ്പെട്ട ഒരേയൊരു സീറ്റും ഇക്കുറി പിടിച്ചെടുക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇത്തവണ ബീഹാര്‍ എന്‍ഡിഎ തൂത്തുവാരും. സംസ്ഥാനത്തെ സഖ്യകക്ഷികളുമായി താന്‍ സംസാരിച്ചിരുന്നു. 2019ല്‍ തങ്ങള്‍ക്ക് ബീഹാറില്‍ ഒരു സീറ്റ് മാത്രമായിരുന്നു നഷ്ടപ്പെട്ടത്. ഇത്തവണ ആ ഒരു സീറ്റ് കൂടി പിടിച്ചെടുക്കും, പ്രധാനമന്ത്രി പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ബീഹാറില്‍ താന്‍ നിരവധി തവണ വന്നിട്ടുളളതാണ്. ഇവിടുത്തെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തനിക്ക് ഇവിടെ നിരവധി പഴയകാല ബന്ധങ്ങളുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഇതിനകം താന്‍ പോയിട്ടുളളതാണെന്നും എല്ലായിടത്തുമുളള പൊതുവികാരം എന്‍ഡിഎയ്ക്കും ബിജെപിക്കും 400 സീറ്റുകളില്‍ വിജയം ഉറപ്പാക്കണം എന്നുളളതാണെന്നും മോദി പറഞ്ഞു. ബീഹാര്‍ ഈ ദൃഢനിശ്ചയത്തിന് പുതിയ നിറങ്ങള്‍ പകര്‍ന്ന് നല്‍കിയിരിക്കുന്നു. പുതിയ കരുത്ത് നല്‍കിയിരിക്കുന്നു. രാജ്യത്ത് ഒട്ടാകെയുളള അന്തരീക്ഷം ബീഹാറിലും പ്രതിഫലിക്കുകയാണ് എന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ബീഹാറിലെ തിരഞ്ഞെടുപ്പ് ബിജെപിക്കും എന്‍ഡിഎയ്ക്കും നിര്‍ണായകമാണ്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ അയക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബീഹാര്‍. 40 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉളളത്. പ്രതിപക്ഷത്ത് ഇന്ത്യാ മുന്നണി രൂപീകരണ നീക്കങ്ങള്‍ക്ക് അടക്കം ചുക്കാന്‍ പിടിച്ച ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിന് മുന്‍പായി എന്‍ഡിഎ ക്യാമ്പിലേക്ക് കളം മാറ്റുകയായിരുന്നു. ഇതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രതീക്ഷ.
2019ല്‍ ബിജെപിയും ജനതാ ദള്‍ യുണൈറ്റഡും 17 സീറ്റുകളില്‍ വീതം മത്സരിച്ചിരുന്നു. അവിഭക്ത ലോക് ജനശക്തി പാര്‍ട്ടി 6 സീറ്റുകളിലും ജനവിധി തേടി. ബിജെപിയും എല്‍ജെപിയും മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചപ്പോള്‍ ജെഡിയു ഒരു സീറ്റില്‍ തോറ്റു. കോണ്‍ഗ്രസിനായിരുന്നു കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ വിജയം. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല.
ഇത്തവണ ബിജെപി 17 സീറ്റുകളിലും ജെഡിയു 16 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 5 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications