ഇൻഡോറിൽ രണ്ടാം സ്ഥാനത്ത് നോട്ട, കിട്ടിയത് 202,212 വോട്ടുകൾ; കാരണം കോൺഗ്രസ്
ഭോപ്പാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നോട്ടയ്ക്ക് ലഭിച്ചത് 202,212 വോട്ടുകൾ. 11,60,627 വോട്ടുകൾ നേടിയ ബി ജെ പി സ്ഥാനാർത്ഥി ശങ്കർ ലാൽവാനിയുടെ തൊട്ടുപിന്നിൽ ആണ് നോട്ട എത്തിയത്. ഏപ്രിൽ 29 ന് ഇൻഡോർ ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയകാന്തി ബാം, ബി ജെ പിയുടെ കൈലാഷ് വിജയവർഗിയ, നിയമസഭാംഗം രമേഷ് മെൻഡോള എന്നിവർക്കൊപ്പം ഇൻഡോർ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക പിൻവലിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ജനങ്ങളോട് ആവശ്യപ്പെട്ടത്.
ബാം പിന്നീട് ബി ജെ പിയിൽ ചേർന്നു. മത്സര രംഗത്തുള്ള ഏതെങ്കിലും സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം , നോട്ടയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ മധ്യപ്രദേശ് കോൺഗ്രസ് തീരുമാനിച്ചു. ഒരു നിയോജക മണ്ഡലത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും നിരസിക്കാനുള്ള ഓപ്ഷൻ നോട്ട വോട്ടർമാർക്ക് നൽകുന്നു.

ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബി ജെ പിക്ക് ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം, നോട്ടയുടെ 13.62% വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ 78.99% വോട്ടുകൾ ശങ്കർ ലാൽവാനിക്ക് ലഭിച്ചു. ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയ് 49,277 വോട്ട് നേടി മൂന്നാമതെത്തി (3.29%) . മെയ് 13 ന് ആണ് ഇൻഡോറിൽ വോട്ടെടുപ്പ് നടന്നത് , 25.27 ലക്ഷം വോട്ടർമാരിൽ 61.75% പേരും തങ്ങളുടെ അവകാശം വിനിയോഗിച്ചു.
കഴിഞ്ഞ 35 വർഷത്തിനിടെ ഒരിക്കൽ പോലും ഇൻഡോർ ലോക് സഭ മണ്ഡലത്തിൽ കോൺഗ്രസ് വിജയിച്ചിട്ടില്ല. ഇതാദ്യമായി സ്ഥാനാർത്ഥിയെ പോലും നിർത്താനാവാത്ത സ്ഥിതി വന്നു. പാർട്ടി ചിഹ്നത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈക്കോടതി നടഞ്ഞതോടെയാണ് നോട്ടയ്ക്ക് വോട്ട് ചെയ്യാനുള്ള തീരുമാനമുണ്ടായതി.
ബി ജെ പി സ്ഥാനാർത്ഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുർബലരാണെന്നാണ് വിലയിരുത്തൽ ഇതും നോട്ടക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യാൻ കാരണമായി. അതേ സമയം ബീഹാറിലെ ഗോപാൽഗഞ്ച് ലോക്‌സഭാ സീറ്റിൽ 51,660 നോട്ട വോട്ടുകൾ രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പി ടിഐ അറിയിച്ചു, മണ്ഡലത്തിൽ പോൾ ചെയ്ത മൊത്തം വോട്ടിൻ്റെ 5 ശതമാനം ആണ്.












Click it and Unblock the Notifications