കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ഭാര്യക്ക് സീറ്റ് നിഷേധിച്ചു, പിന്നാലെ അസമിലെ എംഎല്‍എ പാര്‍ട്ടി വിട്ടു
ഗുവാഹത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ലഖിംപൂര്‍ ജില്ലയിലെ നൗബോച്ച എം എല്‍ എയായ ഭരത് ചന്ദ്ര നാര കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ലഖിംപൂര്‍ ലോക്സഭാ സീറ്റില്‍ ഉദയ് ശങ്കര് ഹസാരികയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് പിന്നാലെയാണ് രാജി. മുന്‍ കേന്ദ്രമന്ത്രി കൂടിയായ തന്റെ ഭാര്യ റാണി നാരയെ ഈ സീറ്റിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് ഭരത് ചന്ദ്ര പ്രതീക്ഷിരുന്നു.
ഭാര്യയെ തഴഞ്ഞതിനാലാണ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം രാജി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ ഉടന്‍ രാജിവെക്കുന്നു എന്ന ഒറ്റവരി കത്താണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അദ്ദേഹം കൈമാറിയത്. ഭരത് ചന്ദ്ര നാര അസമിലെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനവും രാജി വെച്ചിട്ടുണ്ട്. റാണി നാരയും ഉദയ് ശങ്കര്‍ ഹസാരികയും മാസങ്ങള്‍ക്ക് മുമ്പാണ് ഭരണകക്ഷിയായ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അന്നുമുതല്‍ ലഖിംപൂര്‍ മണ്ഡലത്തിലെ സീറ്റിനായി ഇരുവരും കടുത്ത മത്സരത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും ഈ സീറ്റില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി പ്രദാന്‍ ബറുവയ്ക്കെതിരെയാണ് ഉദയ് ശങ്കര്‍ ഹസാരിക മത്സരിക്കുന്നത്. മാര്‍ച്ച് 12 നാണ് കോണ്‍ഗ്രസ് അസമിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. അസമിലെ മൊത്തം 14 ലോക്സഭാ സീറ്റുകളില്‍ 13 സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
സഖ്യകക്ഷിയായ അസം ദേശീയ പരിഷത്ത് (എജെപി) ഒരു സീറ്റില്‍ മത്സരിക്കും. നേരത്തെ, നാല് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നു. ശശികാന്ത ദാസ്, സിദ്ദിഖ് അഹമ്മദ്, കമലാഖ്യ ദേ പുര്‍കയസ്ത, ബസന്ത ദാസ് എന്നിവരായിരുന്നു അത്. എന്നാല്‍ ഈ എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ല.
അതിനിടെ ഒരു എം എല്‍ എ ഷെര്‍മാന്‍ അലി അഹമ്മദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അസമിലെ 14 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്, ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7 തീയതികളിലാണ് വോട്ടെടുപ്പ്. 2019 ല്‍ 14 ല്‍ ഒമ്പത് സീറ്റും ബി ജെ പിക്കായിരുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റ് മാത്രമെ ലഭിച്ചിരുന്നുള്ളൂ.












Click it and Unblock the Notifications