മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, ആള്‍ക്കൂട്ടമുണ്ടാക്കി; അല്ലു അര്‍ജുനെതിരെ കേസ്
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്. ആന്ധ്രാപ്രദേശിലെ നന്ദ്യാലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് അല്ലു അര്‍ജുനും വൈ എസ് ആര്‍ സി പി എം എല്‍ എ രവി ചന്ദ്ര കിഷോര്‍ റെഡ്ഡിക്കുമെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എം എല്‍ എയുടെ വസതിയില്‍ വന്‍ പൊതുയോഗം സംഘടിപ്പിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
ആന്ധ്രാപ്രദേശില്‍ വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് മാതൃകാ പെരുമാറ്റനടപ്പാക്കിയിരിക്കുകയാണ്. ശനിയാഴ്ചത്തെ യോഗത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ രവി ചന്ദ്ര കിഷോര്‍ റെഡ്ഡി അല്ലു അര്‍ജുനെ ക്ഷണിച്ചുവെന്നാരോപിച്ചാണ് നടപടി. തിങ്കളാഴ്ച വോട്ടെടുപ്പിന് ഒരുങ്ങുകയാണ് ആന്ധ്രാപ്രദേശ്. സംസ്ഥാനത്ത് നിലവിലുള്ള 144-ാം വകുപ്പ് ലംഘിച്ചതിനാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Image Credit: Facebook@Allu Arjun
നന്ദ്യാല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട നന്ദ്യാല റൂറലില്‍ നിന്നുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ പി രാമചന്ദ്ര റാവുവിന്റെ പരാതിയിലാണ് നടപടി. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കാനല്ല താന്‍ എത്തിയത് എന്നും സുഹൃത്തിന് വേണ്ടി വന്നതാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. 'ഞാന്‍ തനിച്ചാണ് ഇവിടെ വന്നത്.
എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍, അവര്‍ ഏത് മേഖലയിലാണെങ്കിലും, അവര്‍ക്ക് എന്റെ സഹായം ആവശ്യമെങ്കില്‍ ഞാന്‍ അവരെ സഹായിക്കുകയും ചെയ്യും,' താരം കൂട്ടിച്ചേര്‍ത്തു. താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നല്ല ഇതിനര്‍ത്ഥം എന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. വൈഎസ്ആര്‍സിപി എംഎല്‍എയുടെ വീടിനു പുറത്ത് ബാല്‍ക്കണിയില്‍ നിന്ന് അല്ലു അര്‍ജുന്‍ വീടിന് പുറത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ തന്റെ അടുത്ത സുഹൃത്തായ രവിചന്ദ്ര കിഷോര്‍ റെഡ്ഡിയെ ആശംസിക്കാന്‍ എത്താന്‍ സാധിച്ചില്ല എന്നും അതിനാലാണ് ഇത്തവണ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അല്ലു അര്‍ജുന്‍ ജന സേനയ്ക്കും അതിന്റെ സഖ്യകക്ഷികളായ ടിഡിക്കും ബി ജെ പിക്കും വേണ്ടി പ്രചാരണം നടത്തുന്ന പവന്‍ കല്യാണിനും ആശംസകള്‍ നേര്‍ന്നിരുന്നു.
'പൊതുസേവനത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു. ഒരു കുടുംബാംഗം എന്ന നിലയില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരിക്കുന്നതിന് നിങ്ങള്‍ക്കൊപ്പം എന്റെ സ്‌നേഹവും പിന്തുണയും എപ്പോഴും ഉണ്ടായിരിക്കും,' എന്നായിരുന്നു പവന്‍ കല്യാണിനെ ആശംസിച്ച് കൊണ്ട് അല്ലു പറഞ്ഞത്.
തിങ്കളാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും എന്‍ഡിഎയും ഇന്ത്യ ബ്ലോക്കും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.












Click it and Unblock the Notifications