രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഖാര്‍ഗെ; 'യുവാക്കളുടെ പ്രതിനിധി'
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഈ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ബിജെപിയെ പരാജയപ്പെടുത്തിയാല്‍ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് 'ഭാരത് ജോഡോ യാത്രകള്‍' നയിച്ച രാഹുല്‍ ഗാന്ധി, മോദിക്കെതിരെ നേരിട്ട് ആക്രമണം നടത്തുന്നതില്‍ മടി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയാണ് എന്റെ ചോയ്‌സ്. അദ്ദേഹം യുവാക്കളെയും രാജ്യത്തെയാകമാനും പ്രതിനിധീകരിക്കുന്നു,' ഖാര്‍ഗെ പറഞ്ഞു. അതേസമയം ഇന്ത്യാ ബ്ലോക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള യാഥാര്‍ത്ഥ്യബോധമുള്ള സമവായ സ്ഥാനാര്‍ത്ഥിയായാണ് രാഹുല്‍ ഗാന്ധിയെ പലരും കാണുന്നത്. നേരത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കാന്‍ ഖാര്‍ഗെ വിസമ്മതിച്ചിരുന്നു. ഇന്ത്യാ ബ്ലോക്ക് വിജയിച്ചാല്‍ മാത്രമേ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കൂ എന്നും ആ സ്ഥാനത്തേക്കുള്ളവരെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ പ്രിയങ്ക ഗാന്ധിയോട് ലോക്‌സഭാ തിരഞ്ഞെടുപ്പ് അരങ്ങേറ്റം നടത്താനായി താന്‍ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷം സോണിയ ഗാന്ധി ഒഴിഞ്ഞ പാര്‍ട്ടി കോട്ടയായ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സഹോദരന് വേണ്ടി മാറി നില്‍ക്കാനും പകരം പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു പ്രിയങ്കയുടെ താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ത്തി കാട്ടുന്നത് അദ്ദേഹം നിരുത്സാഹപ്പെടുത്തി. 'എന്റെ പേര് ഞാന്‍ എങ്ങനെ നിര്‍ദ്ദേശിക്കും? അത് പാര്‍ട്ടി തീരുമാനിക്കും. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത് തീരുമാനിക്കും. 2004-ലും 2009-ലും ഈ പ്രക്രിയ നടന്നിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.വോട്ടെടുപ്പിന്റെ അവസാന ദിവസമായ ശനിയാഴ്ച ഇന്ത്യാ മുന്നണി അനൗപചാരിക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിലെ അംഗങ്ങളുമായുള്ള ഏകോപനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. അതേസമയം ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന് നരേന്ദ്ര മോദിക്ക് വ്യക്തമായിട്ടുണ്ടെന്നും അതിനാലാണ് മോദി 2014 നും 2019 നും വിഭിന്നമായി 206 റാലികള്‍ നടത്തിയത് എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ജൂണ്‍ നാലിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും അതിനാലാണ് അദ്ദേഹം ഭയപ്പെടുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. 18-ാം ലോക്സഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടും. കാരണം ഈ തിരഞ്ഞെടുപ്പില്‍ ജാതി, മത, മത, പ്രദേശ, ലിംഗ, ഭാഷ എന്നിവ മറന്ന് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ രാജ്യത്തെ ഓരോ പൗരനും ഒരുമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications