ക്രിക്കറ്റില്‍ ബെസ്റ്റ് ഫിനിഷര്‍ ധോണിയെങ്കില്‍ രാഷ്ട്രീയത്തില്‍ അത് രാഹുല്‍; പരിഹാസവുമായി രാജ്‌നാഥ് സിംഗ്
ഭോപ്പാല്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'ബെസ്റ്റ് ഫിനിഷര്‍' ആണ് രാഹുല്‍ ഗാന്ധി എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിരവധി നേതാക്കളാണ് അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ടത് എന്നും അതിന് കാരണം രാഹുല്‍ ഗാന്ധി ആണ് എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ സിധി ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്തിനാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിക്കും. ഒടുവില്‍ ഞാന്‍ ഈ നിഗമനത്തിലെത്തും. ആരാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍, ധോണി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആരാണ് എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും രാഹുല്‍ ഗാന്ധിയാണ് എന്ന്. അതാണ് നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത്,' രാജ്‌നാഥ് സിംഗ് പറഞ്ഞു.

അഴിമതിയുമായി കോണ്‍ഗ്രസിന് അഭേദ്യമായ ബന്ധമാണ് ഉള്ളത് എന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. മിക്ക കോണ്‍ഗ്രസ് സര്‍ക്കാരുകളും അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെയും അത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയ ഇടം അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യത്ത് രണ്ടോ മൂന്നോ ചെറിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ഭരിക്കുന്നത്.
രാജ്യത്തിന്റെ സമയവും വിഭവങ്ങളും ലാഭിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശത്തിന് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും നല്‍കി. നിര്‍ദിഷ്ട നിയമത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അവകാശവാദം നിരസിച്ച രാജ്നാഥ് സിംഗ്, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടു.
2027 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ എത്തുമെന്ന് ചില വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ ഇതിനകം തന്നെ രാജ്യത്തെ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2045 ഓടെ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും അവ ഭാഗികമായെങ്കിലും നിറവേറ്റിയിരുന്നെങ്കില്‍ ഇന്ത്യ വളരെ മുമ്പുതന്നെ ശക്തമായ രാജ്യമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയാകട്ടെ, പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രീണനത്തിന് വേണ്ടിയല്ല രാഷ്ട്രീയം ചെയ്യേണ്ടതെന്നും രാഷ്ട്ര നിര്‍മ്മാണത്തിന് വേണ്ടിയാണ് ബിജെപി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications