റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി; മുന്നിലുള്ളത് വലിയ ലക്ഷ്യം
ഡല്‍ഹി: അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി. നെഹ്റു കുടുംബത്തിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിൽ അമ്മ സോണിയ ഗാന്ധിയ്ക്കും സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കുമൊപ്പം എത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൽ ഗാർഖെ അടക്കമുള്ള മുതിർന്ന നേതാക്കളും പത്രിക സമർപ്പണത്തിന് രാഹുലിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സോണിയ ഗാന്ധിയെ ലോക്സഭയിലെത്തിച്ച മണ്ഡലമായ റായ്ബറേലി ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അവശേഷിക്കുന്ന ഒരേയൊരു സീറ്റാണ്. അതുകൊണ്ട് തന്നെ വലിയ ലക്ഷ്യമാണ് രാഹുൽ ഗാന്ധിയ്ക്ക് മുന്നിലുള്ളത്.

മുൻ സിറ്റിങ് സീറ്റായ അമേഠിയിൽ ഒരു അങ്കത്തിന് കൂടിയില്ലായെന്ന നിലപാടാണ് വയനാടിന് പുറമെ റായ്ബറേലിയിലേക്ക് രാഹുൽ ഗാന്ധിയെ എത്തിച്ചത്. നേരത്തെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയും മത്സരിക്കുമെന്നായിരുന്നു പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് തന്നെ ലഭിച്ച സൂചനകൾ. എന്നാൽ, മത്സരരംഗത്തേക്കില്ലായെന്ന നിലപാടിൽ പ്രിയങ്ക ഉറച്ചു നിന്നതോടെ രാഹുലിനെ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
കോൺഗ്രസിന് ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നാണ് റായ്ബറേലി. ഇതുവരെ നടന്ന 20 തെരഞ്ഞെടുപ്പുകളിൽ 17ലും കോൺഗ്രസ് ഇവിടെ വിജയം ആഘോഷിച്ചിട്ടുണ്ട്. അതേസമയം, ചരിത്രത്തിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത തോൽവിക്കും റായ്ബറേലി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു സിറ്റിംഗ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലമാണ് റായ്ബറേലി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി ജനതാ പാർട്ടിയുടെ രാജ് നരെയ്നിനോടാണ് ഇഴിടെ പരാജയപ്പെട്ടത്. നേരത്തെ, രാഹുൽ ഗാന്ധിയുടെ മുത്തച്ഛനും ഇന്ദിരാഗാന്ധിയുടെ ഭർത്താവുമായ ഫിറോസ് ഗാന്ധിയും ഇതേ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയിരുന്നു.
2004ലാണ് സോണിയ ഗാന്ധി ആദ്യമായി റായ്ബറോലിയിൽ നിന്നും ലോക്സഭയിലേക്ക് വിജയിക്കുന്നത്. 2019 വരെ മണ്ഡലം അവരെ കൈവിട്ടട്ടില്ലായെന്നതും മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തി അടിവരയിടുന്നു. 2014ലെയും 2019ലെയും മോദി തരംഗത്തിലും റായ് ബറേലി കോൺഗ്രസിനും സോണിയയ്ക്കുമൊപ്പം നിന്നു. കഴിഞ്ഞ തവണ 1.60 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സോണിയയുടെ വിജയം. 2019 തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനക്കാരനായ ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗ് തന്നെയാണ് രാഹുൽ ഗാന്ധിയുടെയും മുഖ്യ എതിരാളി.
മെയ് 20നാണ് അമേഠിയും റായ്ബറേലിയും അടക്കമുള്ള മണ്ഡലങ്ങളിൽ വേട്ടെടുപ്പ് നടക്കുന്നത്. അതേസമയം, റായ്ബറേലിയിൽ വിജയം കോൺഗ്രസിനും രാഹുലിനുമൊപ്പമാണെങ്കിൽ വയനാട് മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. ഇത്തവണയും വിജയമുറപ്പിച്ച മണ്ഡലമായ വയനാട്ടിൽ ഭൂരിപക്ഷം ഉയർത്തുകയെന്ന ലക്ഷ്യമായിരുന്നു കോൺഗ്രസിന് മുന്നിലുള്ളത്. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ തള്ളി കളയുന്നില്ല. അല്ലെങ്കിൽ, മുസ്ലിം സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നതും യുഡിഎഫിന്റെ മുന്നിലുണ്ട്. നിലവില്‍ കേരളത്തില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വയനാട്. രാഹുല്‍ മല്‍സരിക്കില്ലെങ്കില്‍ ഈ സീറ്റ് വേണമെന്ന് സീറ്റ് വിഭജന വേളയില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications